വികസനം സാധ്യമാകുന്നതിനു മികച്ച തൊഴിലാളി – തൊഴിലുടമ സൗഹൃദാന്തരീക്ഷം അനിവാര്യമാണെന്നു തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾ ചവിട്ടിമെതിച്ചു തൊഴിൽ മേഖലയിൽ സമാധാനം സൃഷ്ടിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. രണ്ടാം ദേശീയ തൊഴിൽ കമ്മിഷൻ ശുപാർശയുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ലേബർ കോഡുകൾ സംബന്ധിച്ച് തൊഴിൽ വകുപ്പ് സംഘടിപ്പിച്ച ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
29 തൊഴിൽ നിയമങ്ങൾ ക്രോഡീകരിച്ചു പാർലമെന്റ് പാസാക്കിയ നാലു തൊഴിൽ കോഡുകളിലുമുള്ള ചില വ്യവസ്ഥകൾ അന്തർദേശീയ തൊഴിൽ സംഘടന അംഗീകരിച്ച പ്രമാണങ്ങൾക്കു നിരക്കാത്തതാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ നിലവിലുള്ള ന്യായമായ ചില അവകാശങ്ങൾ ലംഘിക്കുന്ന രീതിയിലാണു ലേബർ കോഡുകൾ തയാറാക്കിയിരിക്കുന്നത്. തൊഴിൽ എന്നതു ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽപ്പെട്ട വിഷയമായതിനാൽ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരുകൾക്കും ഈ വിഷയത്തിൽ നിയമങ്ങൾ നിർമിക്കാൻ അധികാരമുണ്ട്. സംസ്ഥാനത്ത് 87 തൊഴിൽ മേഖലകൾ മിനിമം വേതന ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഷെഡ്യൂൾഡ് എംപ്ലോയ്മെന്റ് അടിസ്ഥാനമാക്കി മിനിമം വേതനം നിശ്ചയിക്കുന്നതിനു പകരം വൈദഗ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ ഹൈലി സ്കിൽഡ്, സ്കിൽഡ്, സെമി സ്കിൽഡ്, അൺ സ്കിൽഡ് എന്നിങ്ങനെ വിഭാഗങ്ങളായി തിരിച്ച് മിനിമം വേതനം നിശ്ചയിക്കുന്ന രീതിയാണു പുതിയ കോഡ് ഓൺ വേജസിലുള്ളത്. ഇങ്ങനെ വേതനം നിർണയിക്കുമ്പോൾ സംസ്ഥാനത്തു നിലവിലുള്ള എല്ലാ തൊഴിൽ മേഖലകളിലെയും മിനിമം വേതന നിർണയം സങ്കീർണമാകാൻ സാധ്യതയുണ്ട്.