സന്തോഷ് ട്രോഫിയിലെ കേരളത്തിന്റെ കിരീട നേട്ടം സംസ്ഥാനത്തെ ഫുട്ബോളിനു വലിയ ഊർജമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ എല്ലാ ഗ്രാമങ്ങളിലും പൊതുകളിസ്ഥലങ്ങൾ ഉണ്ടാകണമെന്നാണു സർക്കാരിന്റെ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു. സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീം അംഗങ്ങൾക്കു സംസ്ഥാന സർക്കാർ നൽകിയ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്തിന്റെ ഫുട്ബോൾ രംഗത്തു വലിയ സംഭാവനകൾ നൽകിയ സംസ്ഥാനമാണു കേരളമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഒരുകാലത്ത് ദേശീയ ടീമിന്റെ പകുതിയോളം അംഗങ്ങൾ മലയാളികളായിരുന്നു. അതികായരായ ഫുട്ബോൾതാരങ്ങളെ രാജ്യത്തിനു സംഭാവനചെയ്ത നാടാണ് ഇത്. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി ഈ പ്രതാപത്തിനു മങ്ങലേറ്റിരുന്നു. സന്തോഷ് ട്രോഫി നേട്ടത്തോടെ ഇതിനു മാറ്റമുണ്ടാകുകയാണ്. ഫുട്ബോൾ രംഗം നല്ലരീതിയിൽ തിരിച്ചുവരുന്നതിന്റെ സൂചനയാണിത്.