സംസ്ഥാനത്ത് കാസർകോഡ് മുതൽ പാറശാലവരെയുള്ള സാംസ്കാരിക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സാംസ്കാരിക സർക്യൂട്ട് നടപ്പാക്കുമെന്നു സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ടൂറിസം സാധ്യതകൾകൂടി പ്രയോജനപ്പെടുത്തി ആവിഷ്കരിച്ചിരിക്കുന്ന പദ്ധതി മൂന്നു മാസത്തിനകം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂർക്കാവ് ഗുരുഗോപിനാഥ് നടനഗ്രാമം സംഘടിപ്പിക്കുന്ന നാട്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ യുവജനങ്ങൾ, ഗവേഷകർ, വിനോദസഞ്ചാരികൾ തുടങ്ങിയവർക്ക് ഏറെ പ്രയോജനപ്പെടുന്നതാകും സാംസ്കാരിക ടൂറിസം സർക്യൂട്ടെന്നു മന്ത്രി പറഞ്ഞു. ഇതിന്റെ അനുബന്ധമായി ഒരു ലിറ്റററി ഫെസ്റ്റും സംഘടിപ്പിക്കാൻ ആലോചിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ സാംസ്കാരിക ഉന്നമനത്തിനായുള്ള പ്രതിജ്ഞാബദ്ധമായ ഉത്സവം എന്ന നിലയ്ക്കാകും ഇതു സംഘടിപ്പിക്കുന്നത്. ശാസ്ത്രവും യുക്തിയും പ്രായോഗികതലത്തിൽ എത്തിക്കുന്നതിൽ സമൂഹം പിന്നാക്കംപോകുന്ന സാഹചര്യമാണ് ഇപ്പോൾ. വിദ്വേഷത്തിന്റെയും പകയുടേയും സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കു കൈയടികിട്ടുന്ന കാലമാണ്. ഇതിനെതിരേ മനുഷ്യത്വം ഉയർത്തിപ്പിടിച്ച് പാർശവത്കരിക്കപ്പെട്ടവരെ ചേർത്തു നിർത്താൻ ഉതകുന്നതാകും രണ്ടു പദ്ധതികളെന്നും മന്ത്രി പറഞ്ഞു.
