2022 മാർച്ച് രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ 83.87 ശതമാനം വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 2028 സ്കൂളുകളിലായി സ്കൂൾ ഗോയിംഗ് റഗുലർ വിഭാഗത്തിൽ 3,61,091 പേർ പരീക്ഷ എഴുതിയതിൽ 3,02,865 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷം 87.94 ശതമാനം പേരാണ് ഉപരിപഠന യോഗ്യത നേടിയത്. ഒന്നാം വർഷത്തെ പരീക്ഷയുടെ സ്കോറുകൾ കൂടി കണക്കിലെടുത്താണ് പരീക്ഷാഫലം നിർണയിച്ചത്. ഫിസിക്സ്, കെമിസ്ട്രി, മാത്തമറ്റിക്സ് വിഷയങ്ങൾക്ക് ഇരട്ട മൂല്യനിർണ്ണയ രീതിയാണ് അവലംബിച്ചതെന്ന് പരീക്ഷാ ഫലം പ്രഖ്യാപിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി. വി. ശിവൻകുട്ടി പറഞ്ഞു.
1,89,370 പെൺകുട്ടികളിൽ 1,69,095 പേരും (89.29%), 1,73,306 ആൺകുട്ടികളിൽ 1,34,871 പേരും (77.82%) ഉന്നത പഠനത്തിന് യോഗ്യത നേടി. 1,79,153 സയൻസ് വിദ്യാർഥികളിൽ 1,54,320 പേരും (86.14%), 72,983 ഹ്യൂമാനിറ്റീസ് വിദ്യാർഥികളിൽ 55,183 പേരും (75.61%), 1,08,955 കോമേഴ്സ് വിദ്യാർഥികളിൽ 93,362 പേരും (85.69%) ഉന്നത പഠനത്തിന് യോഗ്യത നേടി. പട്ടികജാതി വിഭാഗത്തിൽ 35,455 ൽ 21,599 പേരും (60.91%) പട്ടികവർഗ വിഭാഗത്തിൽ 5,622 ൽ 3,002 പേരും (53.39%) ഒ.ഇ.സി. വിഭാഗത്തിൽ 12,967 ൽ 9,493 പേരും (73.20%) ഒ.ബി.സി വിഭാഗത്തിൽ 2,27,763 ൽ 1,96,886 പേരും (86.44%) ജനറൽ വിഭാഗത്തിൽ 79,284 ൽ 71,885 പേരും (90.66%) ഉന്നത പഠനത്തിന് അർഹത നേടി. ഗവൺമെന്റ് മേഖലയിലെ സ്കൂളുകളിൽ നിന്ന് 1,53,673 ൽ 1,25,581 പേരും (81.72%) എയ്ഡഡ് മേഖലയിലെ 1,83,327 ൽ 1,57,704 പേരും (80.02%) അൺഎയ്ഡഡ് മേഖലയിലെ 23,884 ൽ 19,374 പേരും (81.12%) ഉന്നത പഠനത്തിന് യോഗ്യരായി.
റഗുലർ സ്കൂൾ ഗോയിംഗ് വിഭാഗത്തിൽ 28,450 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ+ നേടി. ഇതിൽ 22,117 പേർ പെൺകുട്ടികളും 6,333 പേർ ആൺകുട്ടികളുമാണ്. സയൻസ് വിഭാഗത്തിൽ 19,490 പേർക്കും ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ നിന്ന് 2,871 പേർക്കും കോമേഴ്സ് വിഭാഗത്തിൽ നിന്ന് 6,089 പേർക്കും എല്ലാ വിഷയങ്ങൾക്കും എ+ ഗ്രേഡ് ലഭിച്ചു. ഇതിൽ 53 കുട്ടികൾക്ക് മുഴുവൻ മാർക്കും (1200/1200) ലഭിച്ചു. 52,432 പേർ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡോ അതിനു മുകളിലോ നേടിയപ്പോൾ 54,557 പേർ എല്ലാ വിഷയങ്ങൾക്കും ബി+ ഗ്രേഡോ അതിനു മുകളിലോ 61,893 പേർ എല്ലാ വിഷയങ്ങൾക്കും ബി ഗ്രേഡോ അതിനു മുകളിലോ 64,059 പേർ സി+ ഗ്രേഡോ അതിനു മുകളിലോ 41,419 പേർ സി ഗ്രേഡോ അതിനു മുകളിലോ 56 പേർ ഡി+ ഗ്രേഡോ അതിനു മുകളിലോ നേടി. 58,099 പേർക്ക് ഡി ഗ്രേഡും 72 പേർക്ക് ഇ ഗ്രേഡുമാണ് ലഭിച്ചിട്ടുള്ളത്. വിജയ ശതമാനം ഏറ്റവും കൂടുതൽ കോഴിക്കോട് ജില്ലയിലും (87.79%) എറ്റവും കുറവ് വയനാട് ജില്ലയിലുമാണ് (75.07%). ഏറ്റവും കൂടുതൽ വിദ്യാർഥികളെ (784 പേർ) പരീക്ഷയ്ക്ക് സജ്ജരാക്കിയ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ 89.92% പേർ ഉന്നത പഠനത്തിന് യോഗ്യരായി. മലപ്പുറം ജില്ലയിലെ എസ്.വി. ഹയർസെക്കൻഡറി സ്കൂൾ പാലേമേട്, എം.എസ്.എം. ഹയർസെക്കൻഡറി സ്കൂൾ കല്ലിങ്ങൽപ്പറമ്പ, എന്നീ സ്കൂളുകളിൽ യഥാക്രമം 741 ഉം 714 ഉം വിദ്യാർഥികൾ പരീക്ഷ എഴുതി. വിജയശതമാനം യഥാക്രമം 85.43 ഉം 96.64 ഉം ആണ്. ഏറ്റവും കൂടുതൽ വിദ്യാർഥികളെ മുഴുവൻ വിഷയങ്ങൾക്കും എ+ ഗ്രേഡിനർഹരാക്കിയ ജില്ല മലപ്പുറം (4,283) ആണ്. നൂറുശതമാനം വിജയം കരസ്ഥമാക്കിയ 78 സ്കൂളുകളാണുള്ളത്. മുപ്പതിൽ താഴെ വിജയശതമാനമുള്ള സ്കൂളുകളുടെ എണ്ണം 17 ആണ്. ഹയർ സെക്കൻഡറിയുടെ സിലബസ് പിന്തുടരുന്ന 15 ടെക്നിക്കൽ സ്കൂളുകളിൽ നിന്നായി 1,518 പേർ പരീക്ഷ എഴുതിയതിൽ 1,043 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി (68.71%). 33 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ+ ഗ്രേഡ് ലഭിച്ചു.
