പ്രവാസികളുടെ യാത്രാ പ്രശ്നം ഗൗരവത്തോടെ പരിഗണിക്കണമെന്നും കണ്ണൂരിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ വേണമെന്നും ആവശ്യം. മൂന്നാം ലോക കേരള സഭയുടെ ഭാഗമായി നടന്ന പശ്ചിമേഷ്യൻ രാജ്യങ്ങളിലെ പ്രവാസികളുടെ മേഖലാതല ചർച്ചയിലാണ് ആവശ്യമുയർന്നത്. പ്രവാസികളുടെ വിമാന യാത്രാ പ്രശ്നത്തിന് പരിഹാരം കാണാൻ എയർ കേരള കമ്പനി സംബന്ധിച്ച് പുനരാലോചന നടത്തണം. വിമാനക്കമ്പനികളുമായി ചർച്ച നടത്തി കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാക്കാൻ നടപടിയുണ്ടാവണമെന്നും അഭിപ്രായമുണ്ടായി. കരിപ്പൂർ വിമാനത്താവള വികസനത്തിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.
