സമൂഹത്തിൽ നൻമയുടെ സന്ദേശവും ശാസ്ത്ര ബോധവും വളർത്താൻ ഗ്രന്ഥശാലകൾക്കു കഴിയണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ഗ്രന്ഥശാല പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവീന ആശയങ്ങളും പുതിയ രാഷ്ട്രീയ വീക്ഷണങ്ങളും പ്രചരിപ്പിക്കുന്നതിനായിട്ടാണു പഴയകാലത്തു ഗ്രന്ഥശാലകളും വായനശാലകളും സ്ഥാപിക്കപ്പെട്ടതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ദേശീയ പ്രസ്ഥാനത്തിന്റെ ആശയ പ്രചാരണത്തിനുള്ള ഇടങ്ങളായി പ്രവർത്തിച്ചതും ഗ്രന്ഥശാല പ്രസ്ഥാനങ്ങൾ ആണ്. വർത്തമാനകാലത്തെ ചരിത്രവും സംസ്കാരവും വെല്ലുവിളി നേരിടുമ്പോൾ ഗ്രന്ഥശാലകൾക്കായി പുതിയ നയരൂപീകരണം നടത്തുന്നത് എല്ലാ അർഥത്തിലും ഉചിതമാണ്. മുന്നേറ്റം 25 ഗ്രന്ഥശാലാ രംഗത്തെ കാലോചിത പരിഷ്കാരത്തിനും മുന്നേറ്റത്തിനും കാരണമാകുമെന്നു കരുതുന്നതായും ഓൺലൈനായി നടത്തിയ ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
