ക്യാംപസുകളിൽ നാഷണൽ സർവീസ് സ്്കീം യൂണിറ്റുകളുടെ പ്രാധാന്യം കൂടിവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹവുമായി അകന്നുനിന്ന് സ്വന്തംകാര്യം മാത്രം നോക്കി തങ്ങളിലേക്ക് ഒതുങ്ങിക്കൂടുന്ന ചെറിയൊരു വിഭാഗം ആളുകൾ സമൂഹത്തിലുണ്ടെന്നും അവരുടെ മനോഭാവം മാറ്റിയെടുക്കാൻ എൻ.എസ്.എസ്. വൊളന്റിയർമാർക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു. നാഷണൽ സർവീസ് സ്കീം സംസ്ഥാന പുരസ്കാരങ്ങൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എൻ.എസ്.എസ്. വൊളന്റിയർമാരായി സേവനമനുഷ്ഠിച്ച 25 ലക്ഷത്തോളം പേർ സംസ്ഥാനത്തുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇവരെ സംഘടിപ്പിക്കാൻ കഴിഞ്ഞാൽ അതു സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു മുതൽക്കൂട്ടാകും. എൻ.എസ്.എസ്. സംസ്ഥാന ഡയറക്ടറേറ്റ് ഇക്കാര്യത്തിൽ മുൻകൈയെടുക്കണം. മാറ്റങ്ങളുടേയും നേട്ടങ്ങളുടേയും നാൾവഴികളിലൂടെ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ നയിക്കുന്ന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് അനുബന്ധമായി മികവുറ്റ ക്യാംപസ് ടു കമ്യൂണിറ്റി പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ എൻ.എസ്.എസിനു കഴിയുന്നുണ്ട്.