കൊട്ടാരക്കര: കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട എന്നീ ജില്ലകളിൽ വാഹനങ്ങളിൽ സഞ്ചരിച്ച് മൊബൈൽ ടവറുകളുടെ കൺട്രോൾ റൂമിൽ നിന്നും വിലകൂടിയ ബാറ്ററികൾ മോഷ്ടണം നടത്തി വിൽപ്പന ചെയ്യുന്ന സംഘത്തിലെ പ്രധാനിയെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. സദാനന്ദപുരം ഇഞ്ചവിള നിർമ്മാല്യത്തിൽ നിതിൻ(24) ആണ് പൊലീസ് പിടിയിൽ ആയത്. ആഡംബരക്കാറുകളിലും പിക്ക്-അപ്പ് വാനിലും സഞ്ചരിച്ച് മൂന്നുപേരടങ്ങിയ സംഘമാണ് മോഷണം നടത്തിരുന്നത്. മോഷണം നടത്തിയെടുക്കുന്ന ബാറ്ററികൾ ആദിക്കാട്ടു കുളങ്ങരയിലുള്ള ആക്രിക്കടകളിലാണ് വിൽപ്പന നടത്തിയിരുന്നത്. 10 ലക്ഷം രൂപയ്ക്കുള്ള ബാറ്ററികൾ വിൽപ്പന നടത്തിയതായാണ് പ്രാഥമിക നിഗമനം. ഏനാത്ത്, ചടയമംഗലം, കൊട്ടാരക്കര, പരവൂർ തുടങ്ങിയ സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വോഷണം നടന്നു വരികയാണ്. കൊട്ടാരക്കരയിൽ ഡ്രൈവിംഗ് സ്കൂൾ നടത്തിവരവെയാണ് പ്രതി മറ്റ് രണ്ട് പേരുമായി ചേർന്ന് മൊബൈൽ ടവറുകളിൽ നിന്നും ബാറ്ററി മോഷണം നടത്തിയിരുന്നത്. മറ്റ് രണ്ട് പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുള്ളതായും കൂടുതൽ പേർ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ചു വരികയാണ്. കൊട്ടാരക്കര റൂറൽ ജില്ലാ പൊലീസ് മേധാവി ബി. അശോകൻ ഐ.പി.എസിൻ്റെ നിർദ്ദേശാനുസരണം കൊട്ടാരക്കര ഡി.വൈ.എസ്.പി ജെ ജേക്കബിൻ്റെയും കൊട്ടാരക്കര ഐഎസ് എച്ച് ഒ ബി. ഗോപകുമാറിൻ്റെയും മേൽനോട്ടത്തിൽ എസ്.ഐ സി.കെ മനോജ്, അജയകുമാർ, എസ് സി പി ഒ രമേശ് കുമാർ, സിപിഒ മാരായ അജിത്, ഗോപൻ, ഹോച്മിൻ, അനിലാൽ, സുനിൽ, സൈബർ സെല്ലിലെ ബിനു എന്നിവരടങ്ങിയ പോലീസ് സംഘമാണ് കേസ് അന്വേഷിച്ചതും പ്രതിയെ അറസ്റ്റ് ചെയ്തതും.
