നെടുമങ്ങാട്: നെടുമങ്ങാട് ടൗണിലെ ഹോട്ടലിൽനിന്നു ഭക്ഷണം പൊതിഞ്ഞു നൽകിയ പേപ്പറിൽ പാമ്പിൻതോലിന്റെ കഷണം ഉണ്ടായിരുന്നതായി പരാതി. നെടുമങ്ങാട് ചെല്ലാംകോട് മാനാടിമേലേ പുത്തൻവീട്ടിൽ പ്രസാദിന്റെ ഭാര്യ പ്രിയ വാങ്ങിയ ഭക്ഷണപ്പൊതിയിലാണ് പാമ്പിൻതോലിന്റെ കഷണം ഉണ്ടായിരുന്നത്. നെടുമങ്ങാട് ചന്തമുക്കിൽ പ്രവർത്തിക്കുന്ന ഷാലിമാർ ഹോട്ടലിൽ നിന്നാണ് ഇവർ ഭക്ഷണം വാങ്ങിയത്. വ്യാഴാഴ്ച രാവിലെ 11-മണിക്ക് ഹോട്ടലിലെത്തിയ പ്രിയ പൊറോട്ടയും ഇറച്ചിയും വാങ്ങി വീട്ടിലെത്തി കുട്ടി ഇത് കഴിക്കുന്നതിനിടെയാണ് പേപ്പറിൽ പാമ്പിന്റെതോല് കണ്ടത്. തുടർന്ന് പ്രിയ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിപോലീസ് അറിയിച്ചതിനെ തുടർന്ന് നഗരസഭാ ആരോഗ്യവിഭാഗം ഹോട്ടലിൽ പരിശോധന നടത്തി. എന്നാൽ, ഇവിടെ നിന്നും കൂടുതലായൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും മാസങ്ങളായി അടുക്കിവച്ചിരുന്ന പേപ്പറിന്റെ ഉള്ളിലിരുന്ന അവശിഷ്ടമാകാമിതെന്നും ആരോഗ്യവകുപ്പ് ജീവനക്കാർ പറയുന്നു.
