കൊട്ടാരക്കര : ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ക്യാമ്പ് ഓഫീസിലെ പച്ചക്കറി കൃഷിയുടെ രണ്ടാം വിളവെടുപ്പ് നടത്തി. വഴുതന, തക്കാളി, വെണ്ട, പച്ചമുളക്, കോവൽ, പയർ തുടങ്ങി അടുക്കളയിലേക്ക് വേണ്ട എല്ലാ പച്ചക്കറികളും ജൈവ രീതിയിൽ കൃഷി ചെയ്താണ് വിളവെടുപ്പ് നടത്തിയത്. മന്ത്രിയുടെ കൊട്ടാരക്കരയിലെ ഓഫീസ് സ്റ്റാഫുകളായ ജി പി വിനോദ്, ദിലീപ് കുറുപ്പ് എന്നിവരാണ് കൃഷിയുടെ മേൽനോട്ടം വഹിക്കുന്നത്. കഴിഞ്ഞ ഓണക്കാലത്തും പച്ചക്കറി കൃഷിയിൽ വിളവെടുപ്പ് നടത്തിയിരുന്നു. കഴിഞ്ഞ ദിവസം (ശനി) ആണ് രണ്ടാമത്തെ വിളവെടുപ്പ് മന്ത്രി നടത്തിയത്. സിപിഐ എം കൊട്ടാരക്കര ഏരിയ സെക്രട്ടറി പി കെ ജോൺസനോടൊപ്പം ഓഫീസ് ജീവനക്കാരും വിളവെടുപ്പിൽ പങ്കാളികളായി.
