സംസ്ഥാനത്തെ 402 ആശുപത്രികളിൽ ഇ-ഹെൽത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 176 ആശുപത്രികളിൽ ഇ-ഹെൽത്ത് സംവിധാനം സജ്ജമാക്കിയത് ഈ സർക്കാരിന്റെ കാലത്താണെന്നും ഘട്ടം ഘട്ടമായി സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആശുപത്രികളിലും ഇ-ഹെൽത്ത് സംവിധാനം ഏർപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 150 ആശുപത്രികളിൽ കൂടി ഇ-ഹെൽത്ത് സേവനം ഉടൻ ലഭ്യമാക്കും. 70,000 കൺസൾട്ടേഷനും 20,000 പ്രിസ്ക്രിപ്ഷനും, 6,500 ലാബ് പരിശോധനകളുമാണ് പ്രതിദിനം ഇ-ഹെൽത്തിലൂടെ നടത്തുന്നത്. ഇലക്ട്രോണിക്സ് സംവിധാനത്തിലൂടെ രോഗീ സൗഹൃദ ചികിത്സ ഉറപ്പാക്കും. ഈ ബജറ്റിൽ ഇ-ഹെൽത്ത് പദ്ധതിയ്ക്കായി 30 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ആരോഗ്യ മേഖലയെ സമ്പൂർണമായും ഡിജിറ്റലാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
