സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമി ഫൈനല്‍ യോഗ്യതക്കായി കേരളം ഇന്നിറങ്ങും. വൈകീട്ട് എട്ടിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കരുത്തരായ പഞ്ചാബാണ് കേരളത്തിന്റെ എതിരാളി. മേഘാലയക്കെതിരായുള്ള മത്സരത്തിലേറ്റ അപ്രതിക്ഷിത സമനില കേരളത്തിന്റെ സെമി പ്രവേശനത്തിന് വെല്ലുവിളിയായിട്ടുണ്ട്. പഞ്ചാബിന് എതിരെയുള്ള മത്സരത്തില്‍ വിജയം നേടി സെമി യോഗ്യത ഉറപ്പിക്കാനാകും കേരളം ശ്രമിക്കുക.കഴിഞ്ഞ മത്സരങ്ങളില്‍ രണ്ടാം പകുതിയില്‍ പകരക്കാരായി എത്തി മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജെസിനും നൗഫലിനും പരീശീലകന് ആദ്യ ഇലവനില്‍ സ്ഥാനം നല്‍ക്കിയേക്കും. കേരള പ്രീമിയര്‍ ലീഗില്‍ മിന്നും ഫോമിലായിരുന്ന വിക്നേഷിന് സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരത്തില്‍ താളം കണ്ടെത്താനാകാത്തത് കേരളാ ടീമിന് ചെറിയ തലവേദനയൊന്നുമല്ല സൃഷ്ടിക്കുന്നത്. മേഘാലയക്കെതിരെയുള്ള മത്സരത്തില്‍ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ച സ്ട്രൈക്കര്‍ സഫ്നാദ് ഗോള്‍ നേടിയത് ടീമിന് ഗുണംചെയ്യും. ക്യാപ്റ്റന്‍ ജിജോ ജോസഫും, അര്ജുന് ജയരാജും, മുഹമ്മദ് റാഷിദും നയിക്കുന്ന മധ്യനിര പഞ്ചാബിനെതിരെയും തുടരും. മത്സരത്തില്‍ കേരളത്തിന് ധാരാളം ഗോളവസരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും ഫിനിഷിങിന്റെ പോരാഴ്മയാണ് ടീമിനെ സമനിലയിലെത്തിച്ചത്.
