തൊഴിൽ വകുപ്പിന് കീഴിലുള്ള ക്ഷേമനിധി ബോർഡുകൾ മൂന്നുമാസത്തിലൊരിക്കൽ അദാലത്തുകൾ സംഘടിപ്പിച്ചു ഫയലുകൾ തീർപ്പാക്കണമെന്നു മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചു. നിസ്സാര കാരണങ്ങൾക്ക് തൊഴിലാളികളുടെ ആനുകൂല്യങ്ങൾക്കായുള്ള അപേക്ഷകൾ നിരസിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. തൊഴിൽ വകുപ്പിന് കീഴിലെ 16 ക്ഷേമനിധി ബോർഡുകൾക്കുമായി സംവിധാനം ചെയ്ത പൊതു സോഫ്റ്റ്വെയർ ആയ അഡ്വാൻസ്ഡ് ഇൻഫർമേഷൻ ഇന്റർഫേസ് സിസ്റ്റം തിരുവനന്തപുരത്തു ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരാതിക്കാരോട് ജീവനക്കാർ മാന്യമായി പെരുമാറണം. എല്ലാ ഓഫീസുകളിലും ഫ്രണ്ട് ഓഫീസ് നിർബന്ധമായും പ്രവർത്തിക്കണം. ഓഫീസുകളിൽ വരുന്ന ഫോൺ എടുക്കുകയും കൃത്യമായ മറുപടി നൽകുകയും വേണമെന്നും പരാതിക്കാർ ഓഫീസിൽ കയറി ഇറങ്ങാൻ ഇടവരുത്തരുതെന്നും മന്ത്രി നിർദേശിച്ചു. എല്ലാ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരും ജില്ല ഓഫീസുകളിൽ സന്ദർശനം നടത്തി പ്രവർത്തനം കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ക്ഷേമനിധി ബോർഡ് ഓഫീസുകളിൽ പഞ്ചിങ് സംവിധാനം ഏർപ്പെടുത്തണമെന്നും മന്ത്രി നിർദേശിച്ചു.
