ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചുള്ള കോഴ്സുകൾ പഠിപ്പിക്കുന്ന സെന്റർ ഓഫ് എക്സലൻസ് തവനൂരും കുന്നന്താനത്തും ആരംഭിക്കുന്നു. അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) കേരളയും ഇംപീരിയൽ സൊസൈറ്റി ഓഫ് ഇന്നൊവേറ്റീവ് എൻജിനിയേഴ്സും (ഐ.എസ്.ഐ.ഇ ഇന്ത്യ) സംയുക്തമായാണ് ഈ കേന്ദ്രങ്ങൾ തുടങ്ങുന്നത്. മലപ്പുറം ജില്ലയിലെ തവനൂരും പത്തനംതിട്ട ജില്ലയിലെ കുന്നന്താനത്തുമുള്ള അസാപ് കേരളയുടെ രണ്ട് കമ്മ്യൂണിറ്റി സ്കിൽ പാർക്കുകളിലാണ് ഇലക്ട്രിക് വെഹിക്കിൾ സെന്റർ ഓഫ് എക്സലൻസ് സജ്ജീകരിക്കുക. എം.ജി മോട്ടോഴ്സ്, ഹീറോ ഇലക്ട്രിക്, ഒലെക്ട്രാ ഗ്രീൻ ടെക് എന്നിവയുടെ സഹകരണവുമുണ്ട്.ഈ മികവിന്റെ കേന്ദ്രങ്ങൾ ഹൈബ്രിഡ്, ഇലക്ട്രിക് വാഹന മേഖലയിൽ വിദ്യാഭ്യാസപരവും തൊഴിൽപരവുമായ പങ്കാളിത്തം സുഗമമാകുന്നതിനായുള്ള രാജ്യത്തെ തന്നെ ആദ്യ സംരംഭമാണ്. കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ഐ.എസ്.ഐ.ഇ ഇന്ത്യയുമായി അസാപ് കേരള ധാരണാപത്രം ഒപ്പുവച്ചു. സാങ്കേതിക ഡിപ്ലോമ, എൻജിനിയറിങ് വിദ്യാർഥികൾ എന്നിവർക്കാണ് പരിശീലനം ലഭിക്കുക. പരിശീലനം മികച്ച രീതിയിൽ പൂർത്തിയാക്കുന്നവർക്ക് ജോലിയും ഉറപ്പ് നൽകുന്നുണ്ട്.
