രജിസ്ട്രേഷൻ വകുപ്പിന് റിക്കോർഡ് വരുമാനം. 2021-22 സാമ്പത്തിക വർഷത്തിൽ മുൻ വർഷത്തേക്കാൾ 1301.57 കോടി രൂപയുടെ വർദ്ധനയാണ് വരുമാനത്തിലുണ്ടായത്. ബജറ്റ് ലക്ഷ്യം വച്ചതിനേക്കാൾ 305.89 കോടി രൂപയുടെ അധിക വരുമാനമാണ് വകുപ്പ് നേടിയത്.12 ജില്ലകളിൽ ബജറ്റ് ലക്ഷ്യത്തേക്കാൾ കൂടുതൽ വരുമാനമുണ്ടായി. എറണാകുളം ജില്ലയ്ക്ക് ബജറ്റ് ലക്ഷ്യത്തിലേയ്ക്ക് എത്താനായില്ലെങ്കിലും സംസ്ഥാനത്ത് ഏറ്റവും അധികം റവന്യൂ വരുമാനം നേടാനായി. 977.21 കോടി രൂപയാണ് എറണാകുളത്ത് രജിസ്ട്രേഷൻ വകുപ്പ് സമാഹരിച്ച വരുമാനം. ഇതും മുൻ വർഷത്തേക്കാൾ അധികമാണ്. ബജറ്റ് ലക്ഷ്യത്തിലേയ്ക്ക് എത്താനാകത്ത തൃശ്ശൂർ ജില്ല റവന്യൂ വരുമാനത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്താണ്. 462.74 കോടിയാണ് തൃശ്ശൂർ ജില്ലയിൽ സമാഹരിച്ചത്. റവന്യൂ വരുമാനത്തിൽ രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയാണ് 572.27 കോടിയാണ് വരുമാനം. കഴിഞ്ഞ സാമ്പത്തിക വർഷവും വരുമാനത്തിൽ രണ്ടാം സ്ഥാനത്തായിരുന്നു തിരുവനന്തപുരം ജില്ല. ലക്ഷ്യം നേടാനാകാത്ത ജില്ലകളിലും വരുമാനം മുൻ വർഷത്തേക്കാൾ വർദ്ധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 4125.99 കോടിയായിരുന്നു ബജറ്റ് ലക്ഷ്യം. വരുമാനമാകട്ടെ 107.41 ശതമാനം ഉയർന്ന് 4431.88 കോടി രൂപയായി.
