സംസ്ഥാനത്തുണ്ടായിട്ടുള്ള പ്രകൃതിക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ പാരിസ്ഥിതിക സുരക്ഷയും ജലസുരക്ഷയും ഉറപ്പാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായുള്ള നയരേഖയിലധിഷ്ഠിതമായ കർമപദ്ധതിക്ക് സർക്കാർ തുടക്കമിടുകയാണെന്നും അദ്ദേഹം പറഞ്ഞു.അന്താരാഷ്ട്ര വനദിനാചരണ പരിപാടികളുടെ ഉദ്ഘാടനം വനംവകുപ്പ് ആസ്ഥാനത്തെ വനശ്രീ ഓഡിറ്റോറിയത്തിൽ ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്ത് പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങൾക്ക് നയരേഖ പുറത്തിറക്കി കർമപദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കേരളം. പരിസ്ഥിതിപുനഃസ്ഥാപന പരിപാടികളുടെ ഭാഗമായി സംസ്ഥാനത്ത് ‘വൃക്ഷസമൃദ്ധി’ എന്ന പേരിലുള്ള പദ്ധതിക്കും തുടക്കമാവുകയാണ്. വനംവകുപ്പിന്റെ സാമൂഹ്യവനവൽക്കരണ വിഭാഗം,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ പങ്കാളിത്തത്തോടെ ജനകീയമായി നടപ്പാക്കുന്ന പദ്ധതിയാണിത് . 47 ലക്ഷം വൃക്ഷത്തൈകൾ നട്ട് തുടർപരിപാലനം ഉറപ്പാക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
