പക്ഷപാതിത്വത്തോടെ വാർത്തകൾ തയാറാക്കുന്ന മാധ്യമ പ്രവർത്തന രീതി കേരളത്തിൽ ശക്തമായിരിക്കുന്നതായും നല്ല കാര്യങ്ങൾ മറച്ചുവയ്ക്കാനും അനാവശ്യ വിവാദങ്ങൾ പ്രോത്സാഹിപ്പിക്കാനും തയാറാകുന്ന രീതി വ്യാപകമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്വദേശാഭിമാനി കേസരി പുരസ്കാരങ്ങളും സംസ്ഥാന മാധ്യമ പുരസ്കാരങ്ങളം ഫോട്ടോഗ്രഫി പുരസ്കാരങ്ങളും സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യകരമായ സംവാദങ്ങൾക്കു പകരം വിലകെട്ട വിവാദങ്ങളിലാണു പല മാധ്യമങ്ങൾക്കും ഇപ്പോൾ താത്പര്യമെന്നു മുഖ്യമന്ത്രി പറഞ്ഞു. ശരികളെ അവഗണിച്ച് ഇല്ലാത്ത കുറ്റം കണ്ടുപിടിക്കലാണു മാധ്യമ ധർമമെന്നാണ് ഇക്കൂട്ടർ കരുതുന്നത്. ഇതു ഭൂഷണമാണോയെന്ന് മാധ്യമ പ്രവർത്തകർ ചിന്തിക്കണം. സമൂഹത്തിലേക്കു സദാ കണ്ണും കാതും തുറന്നുവച്ച് ജനകീയ വിഷയങ്ങൾ ഏറ്റെടുക്കുന്ന നിലയിലേക്കു മാധ്യമങ്ങൾ മാറണം. മാധ്യമങ്ങളുടെ രാഷ്ട്രീയം മൂലധന രാഷ്ട്രീയമായി മാറിയിരിക്കുന്നു. ഉടമയുടെ മൂലധനതാത്പര്യത്തിന് ഊന്നൽ നൽകുമ്പോൾ, വസ്തുത അന്വേഷിച്ചുപോകുന്ന മാധ്യമ പ്രവർത്തകർ നിരാശരാകുകയും പുറത്താക്കപ്പെടുകയും ചെയ്യുന്നു.
