തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇൻഡെക്സ്പോ 2022 പ്രദർശന വിപണന മേളയ്ക്കു തുടക്കമായി. വ്യവസായ മന്ത്രി പി. രാജീവ് മേള ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലയിലെ 52 എം.എസ്.എം.ഇ. സംരംഭകരുടെ വ്യത്യസ്ത ഉത്പന്നങ്ങളാണു മേളയിലുള്ളത്.
സൂക്ഷ്മ – ചെറുകിട – വ്യവസായ മേഖലയിലെ സംരംഭങ്ങളുടെ വിപണന ശൃംഘല മെച്ചപ്പെടുത്തുന്നതിനു സർക്കാർ ശ്രമം നടത്തുകയാണെന്നും ഇതിന്റെ ഭാഗമായാണു വ്യവസായ മേളകൾ സംഘടിപ്പിക്കുന്നതെന്നും ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. സാധാരണ രീതിയിലുള്ള വിപണന സംവിധാനങ്ങൾക്കൊപ്പം ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളും ഉപയോഗിക്കും. വരുന്ന സാമ്പത്തിക വർഷം സംസ്ഥാനത്ത് ഒരു ലക്ഷം സംരഭങ്ങൾ ആരംഭിക്കുകയാണു സർക്കാരിന്റെ ലക്ഷ്യം. 2022 – 23 വർഷം സംരംഭക വർഷമായി ആഘോഷിക്കുന്നതിനു ബജറ്റിൽ പണം വകയിരുത്തിയിട്ടുണ്ട്. കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുക, ചെറിയ ക്ലസ്റ്റർ സംവിധാനങ്ങൾ ഏർപ്പെടുത്തുക, വിപണന സംവിധാനങ്ങൾ കാര്യക്ഷമമായി ഒരുക്കിയെടുക്കുക തുടങ്ങി ബഹുമുഖ പരിപാടികളാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്.