സംസ്ഥാനത്ത് എല്ലാവർക്കും ഒരുനേരം ഊണ് ലഭ്യമാക്കണം എന്ന സർക്കാരിന്റെ തീരുമാനത്തെ തുടർന്നാണ് വിശപ്പുരഹിത കേരളം പദ്ധതിയും ജനകീയ ഹോട്ടൽ സംവിധാനവും ആരംഭിക്കുന്നത്. 2019-2020 ലെ സംസ്ഥാന ബജറ്റിൽ വിശപ്പുരഹിതം കേരളം പദ്ധതി പ്രഖ്യാപിക്കുകയും പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷനെ ഏൽപ്പിക്കുകയും ചെയ്തു. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് നാമമാത്രമായ നിരക്കിൽ നല്ല ഗുണനിലവാരമുള്ള ആരോഗ്യകരമായ ഊണ് നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പദ്ധതി നടത്തിപ്പിന്റെ ഭാഗമായാണ് കുടുംബശ്രീ മീഷൻ മുഖേന ജനകീയ ഹോട്ടൽ സംവിധാനം സംസ്ഥാനത്ത് നിലവിൽ വരുന്നത്. ഇപ്പോൾ സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 1180 ജനകീയ ഹോട്ടലുകളാണ് പ്രവർത്തിക്കുന്നത്.
തിരുവനന്തപുരം 110, കൊല്ലം 82, പത്തനംതിട്ട 59, ആലപ്പുഴ 89, കോട്ടയം 82, ഇടുക്കി 51, എറണാകുളം 114, തൃശ്ശൂർ 97, പാലക്കാട് 102, മലപ്പുറം 128, വയനാട് 28, കോഴിക്കോട് 105, കണ്ണൂർ 90, കാസറഗോഡ് 43 എന്നിങ്ങനെയാണ് സംസ്ഥാനത്ത് ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നത്. കുടുംബശ്രീ ജനകീയ ഹോട്ടൽ വഴി 20 രൂപയ്ക്കാണ് (പാഴ്സലിന് 25 രൂപ) ഊണ് നൽകുന്നത്. 10% സൗജന്യ ഊണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സ്പോൺസർഷിപ്പിലൂടെ നിരാലംബർക്കും കിടപ്പിലായവർക്കും നൽകുന്നുണ്ട്.ഒരു യൂണിറ്റിന് ഊണിനു 10 രൂപ സബ്സീഡിയും ജനകീയ ഹോട്ടൽ രൂപീകരണത്തിന് മെഷിനറികളും പാത്രങ്ങളും വാങ്ങാൻ ഒരു യൂണിറ്റിന് 50,000 രൂപ വരെ റിവോൾവിംഗ് ഫണ്ടും നൽകുന്നു. യൂണിറ്റുകളുടെ പ്രവർത്തനത്തിന് കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സൗജന്യമായി നൽകും. ജനകീയ ഹോട്ടലുകളിലേക്ക് കിലോയ്ക്ക് 10.90 രൂപ സബ്സിഡി നിരക്കിൽ അരി സംഭരിക്കാൻ ഭക്ഷ്യ സിവിൽ സപ്ലൈസ് സഹായിക്കുന്നു. ജനകീയ ഹോട്ടലിലെ ഊണിന് സബ്സിഡിയായി കുടുംബശ്രീ ഇതുവരെ 73.64 കോടി രൂപ ചെലവഴിച്ചു.