തിരുവനന്തപുരം: കാനഡ, ടൊറൻ്റോയിൽ നടന്ന ഓൾട്ടർനേറ്റീവ് ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും മികച്ച ഷോർട്ട് ഫിലിമായി തെരഞ്ഞെടുത്ത സ്പൈവെയർ എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിൻ്റെ സംവിധായകൻ ബ്ലസ്സൻ തോമസിനെ പിസിഐ കേരളാ സ്റ്റേറ്റ് ആദരിച്ചു. തിരുവനന്തപുരം ഗാന്ധിപാർക്കിൽ നടന്ന ചടങ്ങിൽ പിസിഐ ദേശിയ പ്രസിഡൻ്റ് ശ്രീ എൻ എം രാജു മെമൻ്റോ നൽകി. ബ്ലസൻ തോമസിൻ്റെ പിതാവ് പാസ്റ്റർ പി ടി തോമസ് ഫലകം ഏറ്റ് വാങ്ങി.
കോഴിക്കോട്, കുറ്റ്യാടി സ്വദേശിയും മലബാർ ഏ ജി ശുശ്രൂഷകനും പിസിഐ സ്റ്റേറ്റ് കമ്മിറ്റി അംഗവുമായ പാസ്റ്റർ പി ടി തോമസിൻ്റെ മകനാണ് ബ്ലസ്സൻ തോമസ്. മിനി തോമസാണ് മാതാവ്.
ഇന്ത്യയിൽ നിന്ന് ഈ അവാർഡ് ലഭിക്കുന്ന ആദ്യ ഷോർട്ട് ഫിലിം കൂടിയാണ് സ്പൈവെയർ. സൈബർ ലോകത്ത് ഒളിഞ്ഞിരിക്കുന്ന കെണികളെയും ദുരന്തങ്ങളെയും കുറിച്ച് പ്രതിപാദിക്കുകയാണ് ചിത്രം. ബ്ലസ്സൻ തോമസിൻ്റെ ജ്യേഷ്ഠ സഹോദരൻ ഗോഡ്സൺ തോമസാണ് ചിത്രത്തിൻ്റെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിക്കുന്നത്.
ആർ എൽ വി സംഗീത കോളേജിൽ പഠനം പൂർത്തിയാക്കിയ ബ്ലസ്സൻ സൺഡേ സ്കൂൾ, സിഎ താലന്ത് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
സാങ്കേതികതയിലും ഗംഭീര അവതരണത്തിലും മികവ് പുലർത്തുന്ന ചിത്രം ദേശത്തിൻ്റെയും ഭാഷയുടെയും അതിരുകൾ ഭേദിച്ച് സ്വീകരിക്കപ്പെടുകയാണ്. ഡിയോൾ സാബുവാണ് സിനിമാറ്റോഗ്രഫി. ഹാരി പ്രസാദാണ് തിരക്കഥ തയ്യാറാക്കിയത്.
