കൊട്ടാരക്കര: ജില്ലയിലെ കിഴക്കൻ മേഘലയിലെ ആരോഗ്യ പരിപാലന രംഗത്തെ ആശ്രയ കേന്ദ്രമായ കൊട്ടാരക്കര താലൂക്ക് ആശുപത്രി കെടുകാര്യസ്ഥതയുടെ പര്യായമായി മാറുകയാണ്. രോഗികളെ ചികിത്സിക്കേണ്ട ആശുപത്രിക്ക് വിദഗ്ധ ചികിത്സ നൽകേണ്ടുന്ന സമയം അതിക്രമിച്ചതായി നാട്ടുകാർ. എം സി റോഡ്, നാഷണൽ ഹൈവേയും കടന്നു പോകുന്ന കൊട്ടാരക്കരയിലെ ചികിത്സ നൽകുന്ന കൊട്ടാരക്കര താലൂക്ക് ആശുപത്രിയെ കുറിച്ച് പരാതികൾ ഒഴിഞ്ഞിട്ട് നേരമില്ല. കുളക്കട, മൈലം, നെടുവത്തൂർ, ഉമ്മന്നൂർ, വെളിയം, കരീപ്ര തുടങ്ങിയ പഞ്ചായത്തുകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും വിദഗ്ധ ചികിത്സക്കായി രോഗികൾ ആശ്രയിക്കുന്നതും കൊട്ടാരക്കര താലൂക്ക് ആശുപത്രിയെ ആണ്. ദിവസവും ആയിരത്തോളം രോഗികൾ ചികിത്സക്കായി എത്തുകയും 150 ൽ അധികം രോഗികൾ കിടത്തി ചികിത്സക്കായി ആശ്രയിക്കുന്ന ഇവിടും കെടുകാര്യസ്ഥതയുടെ പര്യായമായി മാറുകയാണ്. മികച്ച ചികിത്സക്കായി എത്തുന്ന രോഗികളെ മരണക്കയത്തിലേക്ക് എത്തിക്കുന്നതായും പരാതി ഉയരുന്നുണ്ട്. പരാധീനതകളിൽ നിന്നും പിച്ചവച്ച് ഉയരുമ്പോഴും രോഗികളുടെ ആരോഗ്യവും, ജീവനും സംരക്ഷിക്കാൻ ആശുപത്രിയിലെ ജീവനക്കാർക്ക് കഴിയുന്നില്ല എന്നാണ് പൊതുവെ ഉള്ള സംസാരം. വിദഗ്ധാ ചികിത്സാ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സമയം കഴിഞ്ഞാൽ പിന്നിടുള്ള സമയങ്ങളിൽ രോഗികൾക്ക് കാര്യക്ഷമമായ ചികിത്സ ലഭിക്കാറില്ല എന്നുള്ള പരാതി നിലനിൽക്കുന്നുണ്ട്. രാവിലെ മുതൽ ഉച്ചക്ക് 2 മണി വരെ പ്രവർത്തിക്കുന്ന ഒ.പി വിഭാഗത്തിൻ്റെ പ്രവർത്തനം നിലച്ചാൽ പിന്നീട് എത്തുന്ന രോഗികൾക്ക് ഡോക്ടറുടെ ചികിത്സ കിട്ടണമെങ്കിൽ മണിക്കൂറൂകൾ കാത്തു നിൽക്കേണ്ടുന്ന അവസ്ഥയാണ്. ഉച്ചയ്ക്ക് 2 മണി മുതൽ അത്യാഹിത വിഭാഗത്തിലെ ഡോക്ടർ മാത്രമായിരിക്കും രോഗികളെ ചികിത്സിക്കുക. അത്യാഹിതമായി എത്തുന്ന രോഗികളെയും മറ്റു രോഗവുമായി എത്തുന്നവരെയും നോക്കേണ്ടുന്ന ചുമതല ആ ഒരു ഡോക്ടറിൽ നിക്ഷിപ്തമാകുന്നതോടെ അത്യാഹിത വിഭാഗത്തിൽ തിരക്കുകൾ ക്രമാതീതമായി വർദ്ധിക്കും. ചികിത്സക്കായി എത്തുന്ന പലരും ചികിത്സ കിട്ടാതെ മടങ്ങിയ സംഭവം ഉണ്ടായിട്ടുണ്ട്. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ ഡോക്ടർമാരെ കുറിച്ചും, ജീവനക്കാരെ കുറിച്ചും പരാതികൾ ഏറെയാണ്. പ്രസവ ചികിത്സാ വിഭാഗത്തെ കുറിച്ചാണ് ഏറെയും പരാതികൾ ആശുപത്രിക്ക് എതിരെ ഉയർന്നിട്ടുള്ളത്. പ്രസവത്തിനിടയിൽ നവജാത ശിശു മരിച്ച സംഭവവും,പ്രസവ ചികിത്സക്കിടയിൽ അമ്മയും ഗർഭസ്ഥശിശുവും മരിച്ച സംഭവവും ഇവിടുത്തെ പ്രസവചികിത്സാ വിഭാഗത്തെ കുറിച്ച് ആളുകളിൽ ഭീതി ഉയർത്തിയിട്ടുണ്ട്. പ്രസവത്തിനായി എത്തിയ യുവതിയെ ഡോക്ടർ മടക്കി അയച്ചശേഷം യുവതി വീട്ടിൽ പ്രസവിച്ച സംഭവവും ഉണ്ടായിട്ട് മാസങ്ങൾ ആകുന്നതേയുള്ളു. ആശുപത്രി സേവനത്തേക്കാൾ വീട്ടിലെ സായാഹ്ന ചികിത്സക്കാണ് ഇവിടുത്തെ ഡോക്ടർമാർ പ്രാധാന്യം നൽകുന്നത്. ഇവിടത്തെ ജീവനക്കാർ രോഗികളോട് ധഷ്ട്യത്തോടെയാണ് പെരുമാറുന്നതെന്ന പരാതി ഉയരുന്നുണ്ട്.
