സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് മാർച്ച് 1 മുതൽ ജി.എസ്.ടി.എൻ ബാക്ക് ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നു. ജി.എസ്.ടി.എൻ ൽ നിന്ന് ഡാറ്റ സ്വീകരിക്കാൻ നിലവിൽ കേരളം എൻ.ഐ.സി യുടെ സഹകരണത്തോടെ വികസിപ്പിച്ച സ്വന്തം സോഫ്റ്റ്വെയർ സംവിധാനമാണ് ഉപയോഗിച്ചിരുന്നത്. ഇതിൽ നിന്നാണ് ജി.എസ്.ടി.എൻ വികസിപ്പിച്ച ബാക്ക് ഓഫിസ് സംവിധാനത്തിലേക്ക് മാറുന്നത്. നികുതിദായകരുടെ രജിസ്ട്രേഷൻ, റിട്ടേണുകൾ, റീഫണ്ടുകൾ എന്നീ നികുതി സേവനങ്ങൾ ജി .എസ് .ടി .എൻ. കമ്പ്യൂട്ടർ ശൃംഖല വഴിയാണ് നടക്കുന്നത്. 2017 ലാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഓഹരി ഉടമകളായ ജി.എസ്.ടി.എൻ. എന്ന ഐ.ടി സംവിധാനം നിലവിൽ വന്നത്. നികുതിദായകരെ കൂടാതെ ജി.എസ്.ടി നിയമപ്രകാരം നികുതി ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായ രജിസ്ട്രേഷൻ നൽകൽ, റീഫണ്ട് അനുവദിക്കൽ, അസ്സെസ്സ്മെന്റ്, എൻഫോഴ്സ്മെന്റ്, ഓഡിറ്റ് എന്നിവ നടത്തുന്നതും ജി.എസ്.ടി.എൻ വഴിയാണ്.
