പൊതുമരാമത്ത് വകുപ്പിന്റെ ഓരോ പദ്ധതിയെയും കുറിച്ച് ജനങ്ങള്‍ക്ക് അറിയാനും സുതാര്യത ഉറപ്പു വരുത്താനും സമയബന്ധിതമായി അവ പൂര്‍ത്തീകരിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും പ്രോജക്ട് മാനേജ്മെന്റ് സിസ്റ്റം ഉടന്‍ നടപ്പാക്കുമെന്ന് മന്ത്രി.പി.എ മുഹമ്മദ് റിയാസ്. അനാവശ്യ കാലതാമസം ഒഴിവാക്കുന്നിതിനും വേണ്ട ഇടപെടലുകള്‍ നടത്താനും ഗുണമേന്മ ഉറപ്പാക്കാനും ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. പാറശാല മണ്ഡലത്തില്‍ വെള്ളനാട്, കുന്നത്തുകാല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വേങ്കോട് കൊടിഞ്ഞിമൂല പാലത്തിന്റെ നിര്‍മാണ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിരവധി ഇടപെടലുകളാണ് വകുപ്പ് നടത്തി വരുന്നത്. വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വര്‍ക്കിംഗ് കലണ്ടറിന് രൂപം കൊടുത്തു വരുന്നു. കേരളത്തിലെ വ്യത്യസ്തമായ കാലാവസ്ഥ കണക്കിലെടുത്ത് ഓരോ മാസത്തിലും ചെയ്യേണ്ട കാര്യങ്ങള്‍ കലണ്ടര്‍ അനുസരിച്ച് നടപ്പാക്കും. കൂടാതെ പൊതുമരാമത്ത് വകുപ്പിന്റെ പാലങ്ങള്‍, റോഡുകള്‍, കെട്ടിടങ്ങള്‍, ആസ്തികള്‍ എന്നിവയൊക്കെ നിരീക്ഷിക്കാനും പോരായ്മകള്‍ ചൂണ്ടിക്കാണിക്കാനും മണ്ഡല അടിസ്ഥാനത്തില്‍ കോണ്‍സ്റ്റിറ്റിയുന്‍സി മോണിറ്ററിംഗ് ടീമിനും രൂപം കൊടുത്തിട്ടുണ്ട്. 140 മണ്ഡലങ്ങളിലും ഒരോ ഉദ്യോഗസ്ഥരെ ഇതിനായി ചുമതലപ്പെടുത്തും. ഇങ്ങനെ പൊതുമരാമത്തുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ നവീനമായ ആശയങ്ങളാണ് വകുപ്പ് നടത്തി വരുന്നതെന്നും മന്ത്രി പറഞ്ഞു.