എല്ലാവര്‍ഷവും ഫെബ്രുവരി 4 ലോക കാന്‍സര്‍(അര്‍ബുദ) ദിനമായി ആചരിക്കുകയാണ്. ഈ വര്‍ഷത്തെ സന്ദേശം കാന്‍സര്‍ പരിചരണത്തിലെ അപര്യാപ്തതകള്‍ നികത്താം (Close the care Gap) എന്നതാണ്. കാന്‍സര്‍ പരിചരണത്തിലെ പ്രാദേശിക സാമ്പത്തിക, വിദ്യാഭ്യാസ, ലിംഗപരമായ അസമത്വങ്ങള്‍ ഇല്ലാതാക്കി എല്ലാവര്ക്കും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുവാന്‍ ഈ വര്‍ഷത്തെ ക്യാന്‍സര്‍ ദിനം ആഹ്വാനം ചെയ്യുന്നു.
അര്‍ബുദ രോഗത്തെകുറിച്ചും പ്രാരംഭ ലക്ഷണങ്ങളെക്കുറിച്ചും അവബോധം വളര്‍ത്തുക, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക തുടങ്ങിയവയാണു ലോക അര്‍ബുദ ദിനാചരണം വഴി ലക്ഷ്യമിടുന്നത്. ലോക കാന്‍സര്‍ ദിനത്തിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ വിവിധങ്ങളായ ബോധവത്ക്കരണ പരിപാടികളാണു സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച ജില്ലാതല ദിനാചരണ പരിപാടികളുടെ ഭാഗമായി കോവിഡ് പഞ്ചാത്തലത്തില്‍ കാന്‍സര്‍ പ്രതിരോധവും ചികിത്സയും എന്ന വിഷയത്തില്‍ വെബിനാര്‍ നടത്തും.
കാന്‍സര്‍ പ്രതിരോധത്തില്‍ പതിവ് പരിശോധനകളുടെ പ്രാധാന്യം ഏറെയാണ്. പ്രാരംഭ ദശയില്‍ കണ്ടുപിടിച്ചാല്‍ പലയിനം ക്യാന്‍സറുകളും ചികിത്സിച്ചു ഭേദമാക്കാനാകും. പതിവ് പരിശോധനകള്‍ കൃത്യതയോടെയുള്ള രോഗനിര്‍ണയം, ഫലപ്രദമായ ചികിത്സ തുടങ്ങിയവയിലൂടെ അര്‍ബുദത്തെ നമുക്ക് കീഴ്പ്പെടുത്താം.