സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരപരിധിക്കുള്ളിൽ നിലനിൽക്കുന്ന ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങൾ, സ്മാരകങ്ങൾ, പൈതൃക മാതൃകകൾ തുടങ്ങിയവ സംരക്ഷിച്ച് നിലനിർത്താൻ തദ്ദേശ സ്ഥാപനങ്ങൾ അതീവശ്രദ്ധ പുലർത്തണമെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ഇത്തരം ചരിത്രപ്രധാന്യമുള്ള എടുപ്പുകളും മറ്റും നിലവിലുള്ള രൂപഘടനയിൽ കേടുപാടുകൾ തീർത്ത് സംരക്ഷിച്ച് നിർത്തുകയാണ് വേണ്ടത്.
ഇത്തരം എടുപ്പുകളുള്ള ക്യാമ്പസുകളിൽ പുതിയ നിർമ്മാണ പ്രവർത്തനങ്ങളും നിലവിലുള്ളവയുടെ അറ്റകുറ്റപ്പണികളും നടത്തുമ്പോൾ കേരള പഞ്ചായത്ത്, മുനിസിപ്പാലിറ്റി ബിൽഡിംഗ് റൂളിലെ വ്യവസ്ഥകൾ പ്രകാരം രൂപീകരിച്ച ആർട്ട് ആന്റ് ഹെറിറ്റേജ് കമ്മീഷന്റെ അനുമതി വാങ്ങണമെന്ന് മന്ത്രി നിർദേശിച്ചു.