കേരള നോളജ് ഇക്കോണമി മിഷൻ നടത്തുന്ന ഓൺലൈൻ തൊഴിൽ മേള ആരംഭിച്ചു. ഇന്നലെ (ജനുവരി 21) ആരംഭിച്ച മേള 27 വരെ ഉണ്ടാകും. ഡിജിറ്റൽ വർക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ ഉദ്യോഗാർഥികൾക്കും വീട്ടിലിരുന്നുതന്നെ വിർച്വൽ തൊഴിൽ മേളയിൽ പങ്കെടുക്കാം. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക് പുതുതായി രജിസ്റ്റർ ചെയ്യാനും അവസരമുണ്ട്.
knowledgemission.kerala.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്താണ് മേളയിൽ പങ്കെടുക്കേണ്ടത്.
തൊഴിൽ വൈദഗ്ദ്ധ്യം, വിദ്യാഭ്യാസ യോഗ്യത, അനുഭവ പരിചയം എന്നിവ രേഖപ്പെടുത്തി രജിസ്റ്റർ ചെയ്തശേഷം വെർച്വൽ ജോബ് ഫെയർ മോഡ് തെരഞ്ഞെടുത്ത് അവരവരുടെ പ്രൊഫൈലുമായി പൊരുത്തപ്പെടുന്ന തൊഴിൽദായകരെ കണ്ടെത്താം. ജോലിക്ക് തെരഞ്ഞെടുക്കപ്പെടുന്നവരെ ഇ-മെയിൽ വഴി വിവരമറിയിക്കും. ഒരുതവണ രജിസ്റ്റർ ചെയ്താൽ അനുയോജ്യമായ തൊഴിൽ ലഭിക്കുന്നതുവരെ ഒന്നിലധികം അവസരങ്ങൾ തൊഴിൽമേളകളിലൂടെ നോളജ് എക്കോണമി മിഷൻ ഒരുക്കിക്കൊടുക്കുന്നുണ്ട്. ഇരുനൂറിലേറെ കമ്പനികൾ ഓൺലൈൻ തൊഴിൽമേളയിൽ പങ്കെടുക്കുന്നുണ്ട്.