ജാതിയേയും മതത്തേയും കുറിച്ചുള്ള ശ്രീനാരായണ ഗുരു സന്ദേശങ്ങളും കാഴ്ചപ്പാടും മനസിലാക്കാത്തവര്‍ സമൂഹത്തില്‍ ഇന്നുമുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഗുരുവിനെ ഏതെങ്കിലും വിഭാഗത്തിന്റെ മാത്രം പ്രതീകമായി അവതരിപ്പിക്കാനാണു ചിലര്‍ ശ്രമിക്കുന്നതെന്നും ഇത്തരം ശ്രമങ്ങള്‍ക്ക് ഒരു നൂറ്റാണ്ടുമുന്‍പുതന്നെ ഗുരു കൃത്യമായ മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 89-ാമതു ശിവഗിരി തീര്‍ഥാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മനുഷ്യത്വപരമായ ചിന്തകളിലൂടേയും പ്രവൃത്തികളിലൂടെയും മനുഷ്യന്റെ ജീവിത സാഹചര്യം മെച്ചപ്പെടണമെന്നായിരുന്നു ശ്രീനാരായണ ഗുരുവിന്റെ കാഴ്ചപ്പാടെന്നു മുഖ്യമന്ത്രി പറഞ്ഞു. മതം ഏതായാലും മനുഷ്യന് നന്നായാല്‍ മതിയെന്നു ഗുരു പറഞ്ഞത് ഇതുകൊണ്ടാണ്. ഈ സന്ദേശം ജനങ്ങളുടെ മനസിലേക്ക് ആഴ്ന്നിറങ്ങാന്‍ ആവശ്യമായ കാര്യങ്ങളും അദ്ദേഹം ചെയ്തു. ഈ കാഴ്ചപ്പാടിനെ സമൂഹം പൊതുവേ ഉള്‍ക്കൊണ്ടു.
