കൊട്ടാരക്കര : പെൺകുട്ടികളുടെ വിവാഹ പ്രായം കൂട്ടിയാൽ സ്ത്രീ ശാക്തീകരണം പൂർണ്ണമാകില്ലായെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത പറഞ്ഞു. സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മഹിളാ അസോസിയേഷൻ നടത്തിയ വിളംബര ഘോഷയാത്ര കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു. കേരളമൊഴികെയുള്ള ഒട്ടുമിക്ക സംസ്ഥാനങ്ങൾക്കും സ്ത്രീകൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കുന്നില്ലായെന്ന് മാത്രമല്ല നല്ല ഭക്ഷണം പോലും അവർക്ക് ലഭിക്കുന്നില്ല. സ്ത്രീകളുടെ പോഷകാഹാരകുറവ് പരിഹരിച്ച് അവരുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കേണ്ടത് ഭരണവർഗത്തിന്റെ കടമയാണ്. അവരുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടി സാഹചര്യം ഒരുക്കി കൊടുക്കണം. സ്വതന്ത്രമായി ജീവിക്കാൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കണം. ഭയം കൂടാതെ റോഡിലിറങ്ങി സഞ്ചരിക്കാനുള്ള സംരക്ഷണം നല്കണം. ഇതൊന്നും ചെയ്യാതെ സ്ത്രീകൾ അവർ വിവാഹം കഴിക്കേണ്ട പ്രായം നിർബന്ധപൂർവ്വം നിശ്ചയിക്കുകയാണ് കേന്ദ്രഭരണക്കാർ നിശ്ചയിക്കുന്നതെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും സി എസ് സുജാത പറഞ്ഞു.
