അറിവിനെ ആസ്പദമാക്കി പ്രവർത്തിക്കുന്ന സമൂഹമായിട്ട് കേരളം മുന്നോട്ട് പോകണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. അഴീക്കോട് സീതി സാഹിബ് മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിൽ വജ്ര ജൂബിലിയോടനുബന്ധിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. നമ്മുടെ ഉന്നത വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങൾ ഉൾപ്പെടെ ഉൽപാദിപ്പിക്കുന്ന അറിവുകൾക്ക് കേരളത്തിലെ സാധാരണ ജനങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്താൻ കഴിയണം.
അതിന് തയ്യാറാവുന്ന വിധത്തിൽ നമ്മുടെ കുട്ടികളെ മറ്റേണ്ടതുണ്ട്. അവരവരുടെ കഴിവുകൾ നിർഭയമായിട്ട് വികസിപ്പിക്കാൻ കഴിയുന്ന ഏറ്റവും സന്തോഷ പ്രദമായ അന്തരീക്ഷം സ്കൂളുകളിൽ ഉണ്ടാകണം. അഭ്യസ്ത വിദ്യരായ യുവാക്കളുടെ തൊഴിലില്ലായ്മ എന്ന പ്രശ്നം പരിഹരിക്കാൻ തൊഴിലുല്പാദിപ്പിക്കുന്ന നിരവധി പ്രവർത്തനങ്ങളാണ് സർക്കാർ മുന്നോട്ട് വെച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.