നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി വര്‍ഷം ആശയങ്ങളുടെ ആഘോഷവും വിജ്ഞാനത്തിന്റെ ഉത്സവവുമാക്കി മാറ്റുമെന്നും ലൈബ്രറി സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കുകൂടി പ്രാപ്യമാകത്തക്കവിധം ജനകീയമാക്കുമെന്നും നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ്. നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷം ആര്. ശങ്കരനാരായണന് തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭയുടെ രേഖകള്‍ ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉപയോഗിക്കത്തക്ക വിധം ലൈബ്രറി രീതിയില്‍ മാറ്റം വരുത്തുകയും ചെയ്യും. അറിവിന്റെ കുത്തകവല്ക്കരണമല്ല ജനാധിപത്യവല്കരണമാണ് വേണ്ടത്. ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഏകദേശം 20 ലക്ഷം പേജുകള്‍ ഡിജിറ്റൈസ് ചെയ്യുമെന്നും അന്താരാഷ്ട്ര പ്രസാധകരെക്കൂടി ഉള്‍പ്പെടുത്തി പുസ്തകോത്സവം സംഘടിപ്പിക്കുമെന്നും എം.ബി രാജേഷ് പറഞ്ഞു.
ആഘോഷങ്ങളുടെ ഭാഗമായി ജില്ലകളില്‍ പുസ്തകോത്സവം സംഘടിപ്പിക്കുന്നതിനും നോബല്‍ ജേതാക്കളെ ഉള്‍പ്പെടുത്തി പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നതിനുമുള്ള നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.
