89മത് ശിവഗിരി തീർത്ഥാടനം 2021 ഡിസംബർ 30,31, 2022 ജനുവരി 1 തിയതികളിൽ നടക്കും. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഡിസംബർ 15 മുതൽ 2022 ജനുവരി 5 വരെ തീർത്ഥാടനത്തിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. . കോവിഡ് മാനദണ്ഡങ്ങൾ കർശമായി പാലിക്കും. ആംബുലൻസ് ഉൾപ്പെടെ ആരോഗ്യവകുപ്പിന്റെ എല്ലാ സംവിധാനങ്ങളും തീർത്ഥാടകർക്കായി സജ്ജമാക്കും. തീർത്ഥാടകരുടെ ശരീര ഊഷ്മാവ് പരിശോധിച്ച് മാത്രമായിരിക്കും മഠത്തിലേക്കുള്ള പ്രവേശനം. ശിവഗിരിയിലെത്തുന്ന തീർത്ഥാടകർ പരിശോധനയിൽ കോവിഡ് 19 പോസിറ്റീവായാൽ ക്വാറന്റൈൻ അടക്കമുള്ള സൗകര്യങ്ങളും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കും. അലോപതിക്ക് പുറമേ ആയൂർവേദം, ഹോമിയോപതി വിഭാഗങ്ങളുടെ 24 മണിക്കൂർ സേവനവും ഇത്തവണ ലഭ്യമാകും.
ശിവഗിരി തീർത്ഥാടന സ്ഥലത്തേക്കുള്ള പ്രധാന സഞ്ചാരപാതയായ കല്ലമ്പലം,പാരിപ്പള്ളി,കടയ്ക്കാവൂർ റോഡുകൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്ന് വി.ജോയ് എം.എൽ.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തീർത്ഥാടകരുമായെത്തുന്ന വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കണമെന്നും കാപ്പിൽ, വർക്കല ബീച്ച്, ജനാർദ്ദനസ്വാമി ക്ഷേത്രക്കുളം എന്നിവിടങ്ങളിൽ ലൈഫ് ഗാർഡുകളുടെ സേവനം ലഭ്യമാക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് എം.എൽ.എ ആവശ്യപ്പെട്ടു.