കേരളത്തിൽനിന്നു ജർമനിയിലേക്കു നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ നോർക്ക റൂട്ട്സ് ആവിഷ്കരിച്ച ട്രിപ്പിൾ വിൻ പദ്ധതിക്കു ധാരണയായി. മുഖ്യന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നോർക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരിയും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിക്കുവേണ്ടി കോൺസിൽ ജനറൽ അച്ചിം ബുർക്കാട്ടും ധാരണാപത്രത്തിൽ ഒപ്പുവച്ചു.
രാജ്യത്ത് ആദ്യമായാണു സർക്കാർതലത്തിൽ ജർമനിയിലേക്കു റിക്രൂട്ട്മെന്റിനുള്ള പദ്ധതി തയാറാക്കിയിരിക്കുന്നതെന്നു ധാരണാപത്രം ഒപ്പുവച്ച ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ നോർക്ക റൂട്ട്സ് റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. നഴ്സിങ് മേഖലയ്ക്കു പുറമേ ഹോസ്പിറ്റാലിറ്റിയടക്കം മറ്റു മേഖലകളിലേക്കും ഭാവിയിൽ വലിയ സാധ്യതകൾ തുറക്കുന്നതാകും ട്രിപ്പിൾ വിൻ പദ്ധതി. ജർമനിക്കൊപ്പം മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനും പദ്ധതി വഴിതുറക്കുമെന്ന് അദ്ദേഹം പറഞ്ഞു.