ക്ഷീരകർഷകർക്ക് സബ്സിഡി സ്കീമുകളിൽ അപേക്ഷ നൽകാൻ ഇനി ക്ഷീര സംഘങ്ങളിലോ വകുപ്പിന്റെ ഓഫിസുകളിലോ പോകേണ്ടതില്ല. അപേക്ഷകൾ മൊബൈൽ വഴിയോ ലാപ്ടോപ്പ് ഉപയോഗിച്ചോ അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ ഓൺലൈനായി സമർപ്പിക്കാം. ഇതിനായുള്ള ക്ഷീരശ്രീ പോർട്ടൽ ksheerasree.kerala.gov.in ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നാടിനു സമർപ്പിച്ചു.
ക്ഷീരകർഷകർക്ക് അർഹമായ സേവനങ്ങളും സഹായവും അതിവേഗത്തിൽ സുതാര്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് പോർട്ടൽ തയ്യാറാക്കിയതെന്ന് ഉദ്ഘാടന ചടങ്ങിൽ മന്ത്രി പറഞ്ഞു. പാലിന്റെ ഗുണനിലവാര വർധന, ക്ഷീരസംഘങ്ങളുടെ പ്രവർത്തന ഏകീകരണം, സുതാര്യത, കാര്യക്ഷമത തുടങ്ങിയവ ഉറപ്പാക്കുന്നതിനുള്ള വെബ് അധിഷ്ഠിത ഏകീകൃത സോഫ്റ്റ്വെയറിന്റെ ഭാഗമായാണു പോർട്ടൽ ആരംഭിച്ചത്. നടപ്പു സാമ്പത്തിക വർഷം വകുപ്പ് നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ അപേക്ഷകൾ പോർട്ടൽ വഴി സ്വീകരിക്കും.