കാലവർഷത്തിനും കാലാവസ്ഥയിലും സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിൽ ദുരന്തനിവാരണ സാക്ഷരത (ഡി.എം. ലിറ്ററസി) നടപ്പാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.
കേരള സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്റർ സന്ദർശിച്ച് കാലാവസ്ഥ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ദുരന്തനിവാരണ നിയമം (2005), അതിന്റെ ചട്ടങ്ങൾ, ദുരന്തനിവാരണവുമായി ബന്ധപ്പെട്ട സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ, ദേശീയ, സംസ്ഥാന, ജില്ലാ ദുരന്തനിവാരണ അതോറിറ്റികളുടെ പ്രവർത്തനങ്ങൾ, ദുരന്തത്തിന് ഇരയായവർക്ക് ലഭിക്കുന്ന സഹായങ്ങൾ, ദുരന്തനിവാരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട മുൻഗണന നൽകുന്ന കാര്യങ്ങൾ എന്നിവയെ പറ്റി പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ഡി. എം ലിറ്ററസിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.