തിരുവനന്തപുരം: ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിര്‍ദേശം നൽകിയത്. വെമ്പായം പഞ്ചായത്തിലെ കണക്കോട് പി എച്ച് സി യിൽ നഴ്സിംഗ് അസിസ്റ്റന്റിനെ നിയമിക്കണമെന്നും വെമ്പായം പഞ്ചായത്തിലെ ബസ് സർവീസുകളുടെ എണ്ണം വർധിപ്പിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. കാട്ടാക്കട ടൗണ്‍ വികസന പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും റോഡുകളുടെ സ്ഥിതി മെച്ചപ്പെടുത്തണമെന്നും ഐ ബി സതീഷ് എം എൽ എ പറഞ്ഞു. വിതുര ഗ്രാമപഞ്ചായത്തിൽ പ്രദേശവാസികൾ നേരിടുന്ന വന്യമൃഗങ്ങളുടെ ആക്രമണത്തിനെതിരെ വനം വകുപ്പ് നടപടി സ്വീകരിക്കണ മെന്നും ഫെൻസിങ്ങുകളും ആനക്കിടങ്ങുകളും നിർമ്മിക്കണമെന്നും ജി സ്റ്റീഫൻ എം എൽ എ പറഞ്ഞു. വനമേഖലയിലെ കുട്ടികൾക്ക് ഓണ്‍ലൈൻ പഠനത്തിനായി ഇന്റർനെറ്റ് സൗകര്യം വേഗത്തിൽ ലഭ്യമാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
