സമ്പാദ്യ ശീലം വളർത്തുകയല്ല, ശരിയായ ജീവിതം നയിക്കാനാണു കുട്ടികളെ പഠിപ്പിക്കേണ്ടതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികൾക്കു സമ്പാദ്യം എന്തിനാണ് എന്ന കാര്യത്തിൽ ഗൗരവമായ ചർച്ച വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ബാങ്കിന്റെ ‘വിദ്യാനിധി’ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണു മുഖ്യമന്ത്രിയുടെ അഭിപ്രായം.
സമ്പാദ്യത്തെക്കുറിച്ചുള്ള വലിയ ചിന്ത കേരളീയ സമൂഹത്തിന്റെ പ്രത്യേകതയാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതുമൂലം ജീവിക്കാൻ മറന്നുപോയ ചിലരുണ്ട്.
മക്കൾ വളരുന്നതുകൊണ്ടു മക്കൾക്കുവേണ്ടി രക്ഷിതാക്കൾ സമ്പാദിക്കുന്നു. ഇത് ഏറ്റവും അപകടകരമായ അവസ്ഥയിലാണ്. കുട്ടികൾ ഒരു നിശ്ചിത പ്രായം കഴിഞ്ഞാൽ അവരുടേതായ മാർഗങ്ങളിലൂടെ ജീവതത്തിനായുള്ള കാര്യങ്ങൾ കണ്ടെത്തുന്നതാണു മറ്റു പല സ്ഥലങ്ങളിലുമുള്ളത്. അച്ഛനും അമ്മയും സമ്പാദിച്ചതിന്റെ ഭാഗമായിട്ടല്ല അവിടെ കുട്ടികൾ കാര്യങ്ങൾ ചെയ്യുന്നത്. കാലം മാറുമ്പോഴും നാം പഴയ ധാരണയിൽത്തന്നെയാണ്.
കുട്ടികളിൽ അമിതമായ സമ്പാദ്യബോധം ഉണ്ടാക്കാൻ പാടില്ല. സമൂഹത്തിനു വേണ്ടി ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയാണു വേണ്ടത്.