കൊച്ചി: നിയമ വിദ്യാർഥിനി മൊഫിയയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സി.ഐ സുധീറിന് സസ്പെൻഷൻ. മുഖ്യമന്ത്രി പിണറായി വിജയൻ മൊഫിയയുടെ മാതാപിതാക്കളെ ഫോണിൽ വിളിച്ച് സംസാരിച്ചതിന് പിന്നാലെയാണ് നടപടി. സിഐക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി മൊഫിയയുടെ പിതാവ് പറഞ്ഞിരുന്നു.സംസ്ഥാന സർക്കാരിന്റെ നിർദേശ പ്രകാരം ഡിജിപിയാണ് സുധീറിനെ സസ്പെൻഡ് ചെയ്യാനുള്ള ഉത്തരവിറക്കിയത്. സുധീറിന്റെ നടപടികളിൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി സിറ്റി ഈസ്റ്റ് ട്രാഫിക് അസി.കമ്മീഷണർക്കാണ് അന്വേഷണ ചുമതല.
