കൊള്ളപ്പലിശയെടുത്ത് ജീവിതം കടക്കെണിയിലായ കുടുംബങ്ങളെ രക്ഷിക്കാനായി ആവിഷ്കരിച്ച ‘മുറ്റത്തെ മുല്ല’ പദ്ധതി എല്ലാ ജില്ലകളിലും ശക്തിപ്പെടുത്തുമെന്നും സഹകരണമേഖലയുമായി കൈകോർത്ത് കൂടുതൽ സ്ത്രീകൾക്ക് ആശ്വാസമേകുന്ന നിലയിൽ പദ്ധതിയെ വിപുലപ്പെടുത്തുമെന്നും തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
നിർധനരായ കുടുംബങ്ങളെ വട്ടിപ്പലിശക്കാർ പിഴിയുന്ന വ്യവസ്ഥ ഇല്ലാതാക്കാൻ വീടുകളിലേക്കെത്തി ലളിതമായ നടപടി ക്രമങ്ങളിലൂടെ ഏറ്റവും കുറഞ്ഞപലിശയ്ക്ക് ലഘുവായ്പ നൽകുകയും ആഴ്ചതോറുമുളള തിരിച്ചടവിലൂടെ ഗുണഭോക്താക്കളിൽ നിന്നും വായ്പാ തുക ഈടാക്കുകയും ചെയ്യുന്ന പദ്ധതിയാണ് ‘മുറ്റത്തെ മുല്ല’. സമൂഹത്തിന്റെ താഴെ തട്ടിലുള്ള കൂലിവേലക്കാർ, ചെറുകിട കച്ചവടക്കാർ, നിർദ്ധന കുടുംബങ്ങൾ തുടങ്ങിയവർ അമിത പലിശ ഈടാക്കുന്ന വായ്പകളിൽ കുരുങ്ങുന്നത് ഒഴിവാക്കാനാണ് സർക്കാർ ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നത്. മുറ്റത്തെ മുല്ലയിലൂടെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനും സാധിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.