ജനങ്ങള്‍ക്ക് ഭക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള കേരള സര്‍ക്കാരിന്റെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് സുപ്രീം കോടതി വിധിയെന്ന് ഭക്ഷ്യ വകുപ്പുമന്ത്രി ജി.ആര്. അനില്‍ അഭിപ്രായപ്പെട്ടു.
വിശപ്പുരഹിത കേരളം പദ്ധതിയിലൂടെ മിതവും ന്യായവുമായ വിലയ്ക്ക് ഗുണമേന്മയുള്ള ഭക്ഷണം ലഭ്യമാക്കുന്നതിന് ഭക്ഷ്യ വകുപ്പിന്റെ കീഴില്‍ സുഭിക്ഷാ ഹോട്ടലുകള്‍, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ജനകീയ ഹോട്ടലുകള്‍, ഭക്ഷ്യകിറ്റുകളുടെ വിതരണം തുടങ്ങിയ പദ്ധതികളിലൂടെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന കേരള സര്‍ക്കാരിന്റെ നടപടികള്‍ രാജ്യമെമ്പാടും നടപ്പിലാക്കണമെന്നാണ് സുപ്രീം കോടതി വിധി നല്കുന്ന സന്ദേശം. ഭക്ഷ്യകിറ്റുകള്‍ നിര്‍ത്തുന്നു എന്ന പ്രതികരണം എവിടെയും ഉണ്ടായിട്ടില്ല. പ്രയാസമനുഭവിക്കുന്ന ജനങ്ങളോടൊപ്പം നിന്നുകൊണ്ട് ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ച് പട്ടിണിയകറ്റാന്‍ സര്‍ക്കാരിന് സാധിച്ചു. 13 തവണ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. കോവിഡിന്റെ ദുരിതപൂര്‍ണ്ണമായ അന്തരീക്ഷം മാറി വരുന്ന സാഹചര്യത്തിലാണ് കിറ്റ് വിതരണം നിര്‍ത്തിയത്. സാഹചര്യമനുസരിച്ച് അക്കാര്യം പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു.
