പാലക്കാട്: അർധരാത്രി കവർച്ചയ്ക്കെത്തിയ അഞ്ചംഗ സംഘത്തെ ടൗൺ സൗത്ത് പൊലീസ് പിടികൂടി. പത്തനംതിട്ട സ്വദേശി സുമേഷ് (40), മലപ്പുറം സ്വദേശി സജിത്ത് (40) ചടനാംകുറിശ്ശി നൗഷീർ (40), വടശ്ശേരി സ്വദേശി സുരേഷ് (51), മേപ്പറമ്പ് സ്വദേശി നിസാർ (37) എന്നിവരെയാണ് ആയുധങ്ങളോടെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി ഒരുമണിയോടെ പൊലീസ് പട്രോളിംഗിനിടെ റോബിൻസൺ റോഡിലുള്ള എസ്ബിഐ ബാങ്കിന് സമീപം ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ കാണുകയായിരുന്നു. കാര്യം തിരക്കിയപ്പോൾ പരസ്പരവിരുദ്ധമായ മറുപടിയാണ് പൊലീസിന് ലഭിച്ചത്.
ഇതേ തുടർന്ന് നടത്തിയ പരിശോധനയിൽ സുമേഷിന്റെ ഇടുപ്പിലായി ഇരുമ്പിന്റെ പൈപ്പും നൗഷീറിന്റെ പക്കൽ നിന്നും ഒരു ഇരുമ്പ് വടിയും കണ്ടെത്തി. വിശദമായി ചോദ്യം ചെയ്തതിൽ സുമേഷിന് ആറന്മുള, വാകത്താനം, തിരുവല്ല, അമ്പലപ്പുഴ, പുലിക്കീഴ്, കൈപ്പുറം, തലശ്ശേരി, ഗുരുവായൂർ ക്ഷേത്രം പൊലീസ് സ്റ്റേഷനുകളിലായി 19 ഓളം കളവ് കേസുണ്ട്. സജിത്തിന് പാലക്കാട് ടൗൺ നോർത്ത്, ഗുരുവായൂർ, ഫാറൂഖ് സ്റ്റേഷനുകളിലായി മൂന്ന് മോഷണകേസുണ്ട്. നൗഷീറിന് ടൗൺ സൗത്ത് സ്റ്റേഷനിൽ ആറുകേസുകളാണുള്ളത്. സുരേഷ് ഒരു കേസിൽ പ്രതിയാണ്. സൗത്ത് ഇൻസ്പെക്ടർ ടി ഷിജു എബ്രഹാം, എസ്ഐമാരായ മഹേഷ്കുമാർ, രമ്യ കാർത്തികേയൻ, അഡീ.എസ്ഐ എം മുരുകൻ, സീനിയർ സിപിഒമാരായ എം സുനിൽ, കൃഷ്ണപ്രസാദ്, മണികണ്ഠൻ, സിപിഒമാരായ കാജാഹുസൈൻ, രാജീദ്, ഷംസുദ്ധീൻ, രവി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.