കൊല്ലം: ഈസ്റ്റ് പോലീസ് സ്റ്റേഷന് വളപ്പില്‍ എ.ബി.വി.പി. പ്രവര്‍ത്തകനായ അജിത്ത് ഉണ്ണിയുടെ തല എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കല്ലുകൊണ്ട് ഇടിച്ചുപൊട്ടിച്ചു. അമ്പതോളം പോലീസുകാര്‍ നോക്കിനില്‍ക്കെ ആക്രമിക്കുകയായിരുന്നു.
തലപൊട്ടി ചോരയൊലിച്ച അജിത്തിനെ ആശുപത്രിയിലെത്തിക്കാന്‍ പോലീസ് തയാറായില്ലെന്നും പോലീസ് വാഹനം വിട്ടുനല്‍കിയില്ലെന്നും എ.ബി.വി.പി. പ്രവർത്തകർ ആരോപിച്ചു. സഹപ്രവര്‍ത്തകരാണ് പരുക്കേറ്റ അജിത്തിനെയും ഒപ്പമുണ്ടായിരുന്ന എ.ബി.വി.പി. ജില്ലാ സെക്രട്ടറി പി. അഖിലിനെയും കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചത്. എസ്.എഫ്.ഐ. ജില്ലാ നേതാക്കളായ ഹരികൃഷ്ണന്, അരവിന്ദ്, ശ്രീജു എന്നിവരുടെ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ് അക്രമം നടത്തിയതെന്ന് എ.ബി.വി.പി. നേതാക്കള്‍ പറയുന്നു.
കോളജിൽ നടന്ന അക്രമത്തെ തുടർന്ന് പരാതി നല്‍കാനാണ് അജിത്തും അഖിലും സ്റ്റേഷനിലെത്തിയത്.
അവരെ കണ്ടയുടന്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. പോലീസ് സ്റ്റേഷന് വളപ്പിലെ ആക്രമണത്തില്‍ ആര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പോലീസ് സ്റ്റേഷന് മാര്‍ച്ച് അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് എ.ബി.വി.പി. ജില്ലാ കമ്മിറ്റി അറിയിച്ചു.