കൊട്ടാരക്കര : ദീപാവലി വിപണി ലക്ഷ്യമാക്കി ചാരായം ഉത്പാദിപ്പിക്കുന്നതിനായി തയ്യാറാക്കി സൂക്ഷിച്ചിരുന്ന വൻ കോട ശേഖരം കൊട്ടാരക്കര എക്സൈസ് കണ്ടെത്തി. കൊട്ടാരക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എ. സഹദുള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് 22/10/21 ന് കോട കണ്ടെടുത്തത്.
കൊട്ടാരക്കര തുറവൂർ കുടിവെള്ള പദ്ധതിയുടെ ജലസംഭരണിക്ക് സമീപം വർഷങ്ങളായി കാടുപിടിച്ചു കിടക്കുന്ന സ്ഥലത്തുനിന്നുമാണ് കോട കണ്ടെടുത്തത്. 35 ലിറ്റർ വീതം കൊള്ളുന്ന 5 കന്നാസുകളിലായി സൂക്ഷിച്ച നിലയിൽ ആകെ 175 ലിറ്റർ കോട ഉണ്ടായിരുന്നു. സമീപത്തുനിന്നും ചാരായം വറ്റുന്നതിനുള്ള ഇല്ലിചട്ടിയും കണ്ടെടുത്തു. കോവിഡ് പശ്ചാത്തലത്തിൽ ആളൊഴിഞ്ഞു കിടന്ന സ്ഥലത്ത് കോട ഒതുക്കം ചെയ്തിരിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കാടുപിടിച്ചു കിടന്ന പ്രദേശം കേന്ദ്രീകരിച്ചായിരുന്നു ചാരായവാറ്റ് നടത്തിയിരുന്നത് എന്നാണ് സംശയം.
സംഭവവുമായി ബന്ധപ്പെട്ട് അബ്കാരി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സമീപപ്രദേശത്തെ മുൻ മദ്യം/ മയക്കുമരുന്ന് കേസിലെ പ്രതികൾ നിരീക്ഷണത്തിലാണ്.
കൊട്ടാരക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എ.സഹദുള്ളയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ഷഹാലുദീൻ.എ, ഷിലു.എ സിവിൽ എക്സൈസ് ഓഫീസർമാരായ നഹാസ്.റ്റി, കൃഷ്ണരാജ്.കെ.ആർ, ഡ്രൈവർ ഗോപകുമാർ എന്നിവർ പങ്കെടുത്തു.