തിരുവനന്തപുരം : സാമൂഹികപുരോഗതിയേയും ഐക്യത്തേയും ദുര്‍ബലപ്പെടുത്താനുള്ള സംഘടിതമായ ശ്രമങ്ങള്‍ നടക്കുമ്പോള്‍ അതിനെ ചെറുക്കേണ്ടത് സമഗ്ര വികസനത്തിന് പരമപ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭിപ്രായപ്പെട്ടു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസനവകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാമൂഹ്യ ഐക്യദാര്‍ഢ്യപക്ഷാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓണ്‍ലൈനായി സംഘടിപ്പിച്ച ചടങ്ങില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ ദേവസ്വം പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. ഭക്ഷ്യ സിവില്‍ സപ്ളൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ആര് അനില്‍ മുഖ്യ അതിഥി ആയിരുന്നു. രാഷ്ട്രപിതാവിന്റെ ജന്മദിനാചരണത്തിലൂടെ സമഗ്രമായ വികസനത്തെക്കുറിച്ചും സാമൂഹിക പുരോഗതിയെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ സംഘടിപ്പിക്കാനും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും സാമൂഹ്യ ഐക്യദാര്ഢ്യപക്ഷാചരണത്തിലൂടെയുള്ള ശ്രമമാണ് നാം നടത്തുന്നത്. അതിനേറ്റവും ഉചിതമായ സന്ദര്‍ഭം ‘നാനാത്വത്തില്‍ ഏകത്വം കാത്തുസൂക്ഷിക്കുന്നതാണ് നമ്മുടെ സംസ്കാരത്തിന്റെ സൗന്ദര്യം’ എന്നു പറഞ്ഞ മഹാത്മാവിന്റെ ജന്മദിനം തന്നെയാണ്- മുഖ്യമന്ത്രി പറഞ്ഞു.
