വനം വകുപ്പിന്റെ നേതൃത്വത്തില്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ വിദ്യാലയങ്ങളില്‍ 100 വിദ്യാവനങ്ങള്‍ ആരംഭിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന് അറിയിച്ചു. ഇതിനായി രണ്ടു ലക്ഷം രൂപാ വീതം നല്‍കുമെന്നും അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 500 വിദ്യാവനങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാര്‍ത്ഥികളെ സ്വാഭാവിക വനവത്കരണം പരിശീലിപ്പിക്കുന്നതിനും ജൈവ വൈവിധ്യ ബോധം വളര്‍ത്തിയെടുക്കുന്നതിനുമാണ് സ്വാഭാവിക വനങ്ങളോട് സാദൃശ്യമുള്ള വിദ്യാവനങ്ങള്‍ വച്ചുപിടിപ്പിക്കുന്നത്. തെരെഞ്ഞെടുക്കപ്പെട്ട കോളജുകളിലും സ്കൂളുകളിലും ഫോറസ്ട്രി ക്ലബുകളുടെ സഹകരണത്തോടെയാകും ഈ പദ്ധതി നടപ്പിലാക്കുക. സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ സ്കൂളുകളിലെ 100 ഫോറസ്ട്രി ക്ലബുകളുടെ പുനരുദ്ധാരണം നടപ്പാക്കും. കോവിഡിന് ശേഷം സ്കൂളുകളില്‍ നേരിട്ടുള്ള പാഠ്യ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നതനുസരിച്ചാവും പദ്ധതി നടപ്പാക്കക. ഇതിനായി ഈ വര്‍ഷം 10 ലക്ഷം രൂപാ ചെലവിടും.
