സംസ്ഥാനത്ത് കോവിഡ് വന്ന് രോഗമുക്തി നേടിയവരിൽ വിവിധതരം ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ സജ്ജീകരിക്കുന്നതിനുള്ള മാർഗനിർദേശവും സർക്കാർ ഉത്തരവും പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കോവിഡ് മുക്തരായവരിൽ കണ്ടു വരുന്ന വിവിധ തരം രോഗലക്ഷണങ്ങളെയാണ് പോസ്റ്റ് കോവിഡ് സിൻഡ്രോം എന്ന് വിശേഷിപ്പിക്കുന്നത്. കോവിഡ് മുക്തരായ എല്ലാ രോഗികൾക്കും പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ സേവനം ലഭിക്കും.
പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജുകൾ വരെയും സ്വകാര്യ ആശുപത്രികളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ 2 മണി വരെയും ജനറൽ, ജില്ലാ, താലൂക്ക് ആശുപത്രികളിൽ വ്യാഴാഴ്ചകളിലും മെഡിക്കൽ കോളേജുകളിൽ എല്ലാ ദിവസവും സ്വകാര്യ ആശുപത്രികളിൽ മാനേജ്മന്റ് നിശ്ചയിക്കുന്ന ദിവസങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ പ്രവർത്തിക്കും.