കേരള ബാങ്കിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമതയോടെ മുന്നോട്ട് കൊണ്ടുപോകണമെന്ന് സഹകരണം, രജിസ്ട്രേഷന് മന്ത്രി വി.എന്‍. വാസവന് നിര്‍ദ്ദേശിച്ചു. ന്യൂ ജനറേഷന് ബാങ്കുകള്‍ക്ക് സമാനമായി അത്യാധുനിക സംവിധാനങ്ങള്‍ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. ഐടി ഇന്റഗ്രേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ സാധാരണക്കാര്‍ക്ക് പൂര്‍ണമായും ലളിതമായി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ആധുനിക സംവിധാനങ്ങള്‍ ബാങ്കിലുണ്ടാകും. മറ്റ് ദേശസാല്‍കൃത ബാങ്കുകളോടൊപ്പം മുന്നേറാനുള്ള ശേഷി ബാങ്കിനുണ്ടാകമെന്നും മന്ത്രി പറഞ്ഞു. കേരള ബാങ്കിന്റെ ബിസിനസ് പുരോഗതി വിലയിരുത്താനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ബാങ്കിലെ നിഷ്ക്രിയ ആസ്തി അക്കൗണ്ടുകള്‍ ഈടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശിച്ചു. കുടിശികക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ബാങ്കിനു കനത്ത ബാദ്ധ്യത വരാത്ത രീതിയിലായിരിക്കണം നടപടികള്‍ സ്വീകരിക്കേണ്ടത്. നിയമപരമായ തിരിച്ചുപിടിക്കല്‍ അടക്കമുള്ള നടപടികള്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണ സഹായവും മന്ത്രി വാഗ്ദാനം ചെയ്തു. സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ വരാത്ത തരത്തിലായിരിക്കണം നടപടികള്‍ സ്വീകരിക്കേണ്ടതെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
