കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ തൊഴിൽരഹിതരായി തിരിച്ചെത്തിയവരും നാട്ടിൽ എത്തിയശേഷം മടങ്ങിപ്പോകാൻ കഴിയാത്തവരുമായ മലയാളികൾക്കായി നോർക്ക ആവിഷ്കരിച്ച നോർക്ക-പ്രവാസിഭദ്രത സംരംഭകത്വ സഹായ പദ്ധതികളുടെ ഉദ്ഘാടനം ആഗസ്റ്റ് 26ന് വൈകുന്നേരം 5.30ന് മാസ്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
രണ്ടു ലക്ഷം വരെയുള്ള സൂക്ഷ്മ സംരംഭങ്ങൾക്കു വേണ്ടി കുടുംബശ്രീ സഹകരണത്തോടെ നടപ്പാക്കുന്ന പ്രവാസി ഭദ്രത-പേൾ, രണ്ടുകോടി വരെയുള്ള സംരംഭങ്ങൾക്കായി കെ.എസ്.ഐ.ഡി.സിയുമായി ചേർന്ന് നടപ്പാക്കുന്ന പ്രവാസിഭദ്രത- മെഗാ എന്നീ പദ്ധതികളാണ് യാഥാർഥ്യമാവുന്നത്. കുടുംബശ്രീ ജില്ലാ മിഷനുകൾ വഴിയാണ് സൂക്ഷ്മ സംരംഭങ്ങൾക്കുള്ള പേൾ പലിശരഹിത സംരംഭകത്വ വായ്പയും പിന്തുണസഹായങ്ങളും നൽകുന്നത്.
കെ.എസ്.ഐ.ഡി.സി മുഖേനെ നടപ്പാക്കുന്ന പ്രവാസി ഭദ്രത- മെഗാ പദ്ധതിയിൽ ഒരു സംരംഭത്തിന് 25 ലക്ഷം മുതൽ രണ്ടു കോടി രൂപവരെയാണ് വായ്പ. ആദ്യത്തെ നാലുവർഷം അഞ്ചു ശതമാനം മാത്രം പലിശ നിരക്കിലാണ് വായ്പ നൽകുന്നത്. ബാക്കി പലിശ നോർക്ക സബ്സിഡി അനുവദിക്കും.