ആലപ്പുഴ: ഓണം വിപണന മേളയോടനുബന്ധിച്ച് ജില്ലയില്‍ 204 വിപണന കേന്ദ്രങ്ങളൊരുക്കും (ഓണച്ചന്ത). കൃഷിവകുപ്പ്, ഹോര്‍ട്ടികോര്‍പ്പ്, വെജിറ്റബിള്‍ ഫ്രൂട്ട് പ്രമോഷന് കൗണ്‍സില്‍ എന്നിവരുടെ സഹകരണത്തോടെയാണ് ചന്തകള്‍ ഒരുക്കുന്നത്. 108 വിപണികള്‍ ജില്ലയിലെ 12 ബ്ലോക്കുകളിലുമുള്ള 78 കൃഷി ഭവനുകളുടെയും ബ്ലോക്ക് തല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെയും ചുമതലയിലും മൂന്നെണ്ണം ഫാമുകളിലുമായാണ് ഒരുക്കുന്നത്. ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തിലും ചന്തകള്‍ ഒരുക്കും. ഓഗസ്റ്റ് 17 മുതല്‍ 20 വരെയാണ് ഓണച്ചന്ത. ഓണച്ചന്തയ്ക്കാവശ്യമായ പച്ചക്കറി, പഴം ഉത്പ്പന്നങ്ങള്‍ പരമാവധി കര്‍ഷകരില്‍ നിന്നും സംഭരിക്കും. ഈ വര്‍ഷം മുതല്‍ ഭാരതീയ പ്രകൃതി കൃഷി പദ്ധതി ഉത്പ്പന്നങ്ങള്‍ക്ക് ‘സുഭിക്ഷം സുരക്ഷിതം’ എന്ന പേരില്‍ പ്രത്യേകം കൗണ്ടറുകളും ഓണ വിപണികളില്‍ ഒരുക്കും. കൃഷിഭവന്, ബ്ലോക്ക്, ജില്ലാ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ പച്ചക്കറികള്‍ ഓണവിപണിക്കായി നല്കുന്ന കര്ഷകന് അനുമോദന പത്രം നല്‍കും. കുടുംബശ്രീയുമായി സഹകരിച്ച് ഓണച്ചന്തയില്‍ കുടുംബശ്രീ ഉത്പ്പന്നങ്ങളും ഉള്‍പ്പെടുത്തും. ഹരിതച്ചട്ടം പാലിച്ചും കോവിഡ് മാനണ്ഡങ്ങള്‍ പാലിച്ചുമായിരിക്കും വിപണിയുടെ പ്രവര്‍ത്തനം. കുട്ടികളെ വിപണന കേന്ദ്രത്തില്‍ കൊണ്ടുവരാന്‍ പാടില്ല. വിപണിയിലെ തിരക്ക് ഒഴിവാക്കാനായി 100 രൂപ മുതല്‍ 200 രൂപ വരെയുള്ള പച്ചക്കറി കിറ്റുകളും ലഭൃമാക്കും.
