തിരുവനന്തപുരം : കേരള മനസാക്ഷിയെ ഞെട്ടിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ഭര്‍ത്താവ് കിരണ്‍കുമാറിനെ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് പിരിച്ചുവിട്ടു. കൊല്ലം റീജണല്‍ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്നു കിരണ്‍. 2021 ജൂണ്‍ 21ന് ഭര്‍തൃഗൃഹത്തില്‍ ദുരൂഹസാഹചര്യത്തിലായിരുന്നു വിസ്മയ മരണപ്പെട്ടത്. കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്ന വിവരം ഗതാഗത മന്ത്രി ആന്റണി രാജുവാണ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.
സ്ത്രീ വിരുദ്ധ പ്രവര്‍ത്തിയും, സാമൂഹ്യ വിരുദ്ധവും ലിംഗ നീതിയ്ക്ക് നിരക്കാത്ത നടപടിയും ഗുരുതരമായ നിയമലംഘനവും പെരുമാറ്റ ദൂഷ്യവും വഴി പൊതുജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും അന്തസ്സിനും സല്‍പ്പേരിനും കളങ്കം വരുത്തിയിട്ടുള്ളതിനാല്‍ 1960-ലെ കേരളാ സിവില്‍ സര്‍വ്വീസ് ചട്ടം പ്രകാരമാണ് നടപടിയെന്ന് മന്ത്രി അറിയിച്ചു.