ഓണക്കിറ്റിലെ ഉല്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി സപ്ലൈകോ വ്യക്തമാക്കി. പാക്കറ്റില്‍ ലഭിക്കുന്ന ഉല്പന്നങ്ങളുടെ ഗുണം ഉറപ്പാക്കാനായി ട്രേഡ് മാര്‍ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കിറ്റിലെ എല്ലാ ഉല്‍പ്പന്നങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കുന്നതിന് വേണ്ട നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. വിതരണ കേന്ദ്രങ്ങളില്‍ കൂടുതല്‍ പരിശോധനയ്ക്കു സംവിധാനം ഏര്‍പ്പെടുത്തി. കഴിഞ്ഞ ഓണത്തിനു ഗുണം കുറഞ്ഞ പപ്പടം വിതരണം ചെയ്ത കമ്പനിക്കെതിരെ നടപടികള്‍ എടുത്തിട്ടുണ്ടെന്നും സപ്ലൈകോ അറിയിച്ചു.
ഇത്തവണ പായസത്തിനായി ബഹുഭൂരിപക്ഷത്തിനും ആവശ്യമുള്ള ഉണക്കലരി ഉള്‍പ്പെടുത്തിയാതായി അധികൃതര്‍ അറിയിച്ചു. ഏകദേശം 42 ലക്ഷം കിറ്റുകളിലും ഉണക്കലരിയാണ് ഉള്ളത്. അവശേഷിക്കുന്നവയില്‍ സേമിയയുമാണ് ഉള്ളത്. സേമിയ പോലെ പാക്കറ്റില്‍ ലഭിക്കുന്ന ഉല്പന്നങ്ങളുടെ ഗുണം ഉറപ്പാക്കാനായി ട്രേഡ് മാര്‍ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പൊതുവിപണിയില്‍ പ്രചാരത്തിലുള്ള ‘സേവറിറ്റ്’ ബ്രാന്‍ഡ് സേമിയയാണ് വിതരണക്കാരന് ടെന്‍ഡറില്‍ സൂചിപ്പിച്ചിട്ടുള്ളത്.
ഇ- ടെന്‍ഡര്‍ വഴിയാണ് വിതരണക്കാരെ തിരഞ്ഞെടുത്തിരിക്കുന്നത്. ടെന്‍ഡറില്‍ പങ്കെടുക്കുന്ന, സംസ്ഥാനത്തിനകത്തുള്ള ചെറുകിടഇടത്തരം കമ്പനികള്‍, കുറഞ്ഞ വിലയ്ക്ക് നല്കാന് തയാറാണെങ്കില്‍ പകുതി അവരില്‍ നിന്നു വാങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ട്. അത്തരം ചിലര്‍ക്ക് അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്.
ജൂലൈ 31 മുതല്‍ സംസ്ഥാനത്ത് ഭക്ഷ്യ വകുപ്പിന്റെ സ്പെഷ്യല്‍ ഓണക്കിറ്റ് വിതരണം ആരംഭിക്കുമെന്നാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചിട്ടുള്ളത്. അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നതിനാല്‍ ക്രീം ബിസ്ക്കറ്റ് കിറ്റിനൊപ്പം നല്കേണ്ടന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. റേഷന്‍ കടകള്‍ വഴി എ എ വൈ വിഭാഗത്തിന് ജൂലൈ 31, ആഗസ്റ്റ് 2, 3 തീയതികളിലും പി എച്ച് എച്ച് വിഭാഗത്തിന് ആഗസ്റ്റ് 4 മുതല്‍ 7 വരെയും, എന്‍ പി എസ് വിഭാഗത്തിന് ആഗസ്റ്റ് 9 മുതല്‍ 12 വരെയും, എന്‍ പി എന്‍ എസ് വിഭാഗത്തിന് ആഗസ്റ്റ് 13 മുതല്‍ 16 വരെയും കിറ്റുകള്‍ വിതരണം ചെയ്യും. സ്പെഷ്യല്‍ കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പതിനഞ്ചിനം ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ജൂണ്‍ മാസത്തിലെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ജൂലൈ 28ന് അവസാനിക്കുമെന്നും ഭക്ഷ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.